അബുദാബി: എമിറേറ്റിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ ഭാവി വികസനത്തിനായുള്ള മുൻഗണനാ പദ്ധതികൾ പ്രഖ്യാപിച്ച് അബുദാബി വിദ്യാഭ്യാസ-വിജ്ഞാന വകുപ്പ് (അഡെക്).
യു.എ.ഇയുടെ സാംസ്കാരിക സ്വത്വവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതോടൊപ്പം, സാങ്കേതിക മുന്നേറ്റങ്ങൾക്കും നവീകരണങ്ങൾക്കും നേതൃത്വം നൽകാൻ കെൽപുള്ള തലമുറയെ വാർത്തെടുക്കുകയാണ് ലക്ഷ്യമെന്ന് അഡെക് ചെയർമാൻ മുഹമ്മദ് അൽ ഖാദി വ്യക്തമാക്കി.
എമിറേറ്റിലെ 220ലധികം സ്വകാര്യ സ്കൂൾ മേധാവികൾ പങ്കെടുത്ത പ്രിൻസിപ്പൽമാരുടെ യോഗത്തിലാണ് ഭാവി രൂപരേഖ പങ്കുവച്ചത്.
ദേശീയ വ്യക്തിത്വം ശക്തിപ്പെടുത്തുക, വിദ്യാർഥികളുടെ ശാരീരിക മാനസികാരോഗ്യം ഉറപ്പാക്കുക, ഭാവിക്ക് അനുയോജ്യമായ കഴിവുകൾ വളർത്തുക, മികച്ച അധ്യാപകരിലൂടെ താങ്ങാനാവുന്നതും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം നൽകുക എന്നിവയാണ് പ്രധാന മുൻഗണനകൾ.
വിദ്യാർഥികളിൽ സ്വദേശി സംസ്കാരത്തോടും അന്തരിച്ച രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ് യാന്റെ മൂല്യങ്ങളോടും ആദരവും പ്രതിബദ്ധതയും വളർത്താൻ ലക്ഷ്യമിട്ടുള്ള 'നാഷനൽ ആർട്ട് എക്സ്പ്രഷൻ' പോലുള്ള പദ്ധതികൾ ഇതിന്റെ ഭാഗമായി നടപ്പാക്കും.
വിദ്യാർഥികളുടെ ആരോഗ്യ പൂർണമായ ജീവിത ശൈലിക്കായി സ്കൂളുകളിലെ ഭക്ഷണ നയത്തിൽ മാറ്റം വരുത്തും.
ശാരീരികക്ഷമത വർധിപ്പിക്കുന്നതിനായി അബുദാബി സ്കൂൾ, യൂനിവേഴ്സിറ്റി സ്പോർട്സ് ചാമ്പ്യൻഷിപ്പ്, ഓൾ സ്റ്റാർസ് പ്രോഗ്രാം എന്നിവ വ്യാപിപ്പിക്കും. അറബിക്, ഇംഗ്ലീഷ് ഭാഷകളിലെ വായനാ വിശേഷവും സാക്ഷരതയും മെച്ചപ്പെടുത്താൻ സ്കൂളുകൾക്ക് പ്രത്യേക ടൂൾ കിറ്റുകൾ നൽകും.
കൂടാതെ, സാമ്പത്തിക സാക്ഷരത, വ്യക്തിത്വ വികസനം എന്നിവയ്ക്കൊപ്പം എ.ഐ സാങ്കേതികവിദ്യ, ഉപയോഗിക്കുന്നതിനപ്പുറം ധാർമികവും ക്രിയാത്മകവുമായ ഉപയോഗത്തെക്കുറിച്ച് വിദ്യാർഥികളെയും അധ്യാപകരെയും ബോധവത്കരിക്കാൻ സമഗ്രമായ പാഠ്യപദ്ധതി കൊണ്ടുവരും.
