ഫിഫ ലോകകപ്പിന് ഇന്ന് തുടക്കം :48 ടീമുകൾ, 104 മത്സരങ്ങൾ

 


ഇരുപത്തിമൂന്നാമത് ഫിഫ ലോകകപ്പ് ഫുട്ബോളിന് ഇന്ന് തുടക്കമാകും. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മെക്‌സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ഏറ്റവും വലിയ ലോകകപ്പാണ് ഇത്തവണ അരങ്ങേറുന്നത്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ മൂന്ന് രാജ്യങ്ങൾ സംയുക്തമായാണ് ഇത്തവണ ലോകകപ്പിന് വേദിയാകുന്നത്.

ജൂൺ 12 മുതൽ ജൂലൈ 19 വരെ മൂന്ന് രാജ്യങ്ങളിലെ 16 സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ടീമുകളുടെ എണ്ണം വർദ്ധിച്ചതോടെ മത്സരങ്ങളുടെ എണ്ണം 64ൽ നിന്നും 104 ആയി ഉയർന്നു. ട്രിയോണ്ട എന്ന് പേരിട്ടിരിക്കുന്ന അത്യാധുനിക പന്തും കൃത്യത ഉറപ്പാക്കാനുള്ള പുത്തൻ സാങ്കേതിക വിദ്യകളും ഇത്തവണത്തെ ടൂർണമെന്റിന്റെ പ്രത്യേകതകളാണ്.

കിരീടം നിലനിർത്താൻ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും ആറാം കിരീടം ലക്ഷ്യമിട്ട് ബ്രസീലും പൂർണ്ണ സജ്ജരായിക്കഴിഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിൽ പോർച്ചുഗലും ലാമിൻ യമാലിന്റെ കരുത്തിൽ യൂറോപ്യൻ ചാമ്പ്യന്മാരായ സ്‌പെയ്നും കപ്പടിക്കാനിറങ്ങും. എംബാപ്പെയുടെ ഫ്രാൻസ്, ജർമ്മനി തുടങ്ങിയ വമ്പൻമാരും പോരാട്ടത്തിന് ഒരുങ്ങിക്കഴിഞ്ഞു. ഇതിഹാസങ്ങളുടെ വിടവാങ്ങലിനും പുതിയ താരങ്ങളുടെ ഉദയത്തിനും സാക്ഷിയാകാൻ പോകുന്ന ലോകകപ്പ് ആവേശത്തിലാണ് കായികലോകം.

 

വളരെ പുതിയ വളരെ പഴയ