കുവൈത്ത് സിറ്റി: സർക്കാർ സ്റ്റാമ്പുകള്‍ വ്യാജമായി നിർമ്മിച്ച് വില്‍പ്പന നടത്തിയിരുന്ന അഞ്ചംഗ ബംഗ്ലാദേശി സംഘത്തെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ വകുപ്പ് അറസ്റ്റ് ചെയ്തു.
ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഘം പിടിയിലായത്.
സർക്കാർ സ്റ്റാമ്പുകള്‍ വ്യാജമായി നിർമ്മിച്ച് പ്രവാസികള്‍ക്കും ചില കമ്പനികള്‍ക്കും ഔദ്യോഗിക വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ വില്‍പ്പന നടത്തി അനധികൃത ലാഭം നേടുകയായിരുന്നു പ്രതികളെന്ന് മന്ത്രാലയം അറിയിച്ചു.
അന്വേഷണത്തില്‍ ആശുപത്രികളുടെ അകത്തും പുറത്തുമായി ഔദ്യോഗിക സ്റ്റാമ്പ് ആവശ്യമായ രേഖകള്‍ ലക്ഷ്യമിട്ട് സംഘം വ്യാജ സ്റ്റാമ്പുകള്‍ വിതരണം ചെയ്തതായി കണ്ടെത്തി. അഞ്ച് ദിനാറിന്റെയും 10 ദിനാറിന്റെയും സ്റ്റാമ്പുകളാണ് പ്രധാനമായും വ്യാജമായി നിർമ്മിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
റെയ്ഡിനിടെ വ്യാജ നിർമാണത്തിന് ഉപയോഗിച്ചിരുന്ന ലാപ്ടോപ്പ്, പ്രിന്റർ, സ്റ്റാമ്പ് റോളുകള്‍ എന്നിവ പിടിച്ചെടുത്തു. കൂടാതെ ഒരു ആശുപത്രിയില്‍ നിന്ന് ഔദ്യോഗിക സ്റ്റാമ്പ് പേപ്പർ റോളുകള്‍ മോഷ്ടിച്ച് അവ വ്യാജ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രതികളെയും പിടിച്ചെടുത്ത സാമഗ്രികളെയും തുടർ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയതായി മന്ത്രാലയം അറിയിച്ചു.
തട്ടിപ്പുകളും വ്യാജരേഖ നിർമ്മാണവും തടയുന്നതിനും പൊതുമുതല്‍ സംരക്ഷിക്കുന്നതിനുമായി സുരക്ഷാ പരിശോധനകള്‍ തുടരുമെന്നും സർക്കാർ രേഖകളില്‍ കൃത്രിമം കാണിക്കുന്നവർക്കെതിരെ കർശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
