റാസ് ലഫാൻ പ്ലാൻ്റ് അപകടം: വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം മാത്രം, അർജുൻ തിരികെ ഖത്തറിലേക്ക് മടങ്ങിയത് 6 മാസം മുൻപ്; ഒരു നാടിനെ മുഴുവൻ വേദനിപ്പിച്ച് ദുരന്തം


ഖത്തർ /കോഴിക്കോട്: ഖത്തറിലെ റാസ് ലഫാൻ പ്ലാൻ്റിലുണ്ടായ സ്ഫോടനത്തിൽ മരിച്ച നാദാപുരം തൂണേരി സ്വദേശി അർജുന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു. വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിന് വെച്ച ശേഷം രാവിലെ എട്ട് മണിയോടെ സംസ്കരിച്ചു. നാദാപുരം എംഎൽഎ കെ എം അഭിജിത്ത് ഉൾപ്പെടെ നിരവധി പ്രമുഖരും നാട്ടുകാരും അർജുന് അന്തിമോപചാരം അർപ്പിക്കാൻ വീട്ടിലെത്തിയിരുന്നു.

അപകടം നടന്ന റാസ് ലഫാൻ പ്ലാന്‍റിലെ സൂപ്പർവൈസർ ആയിരുന്നു അർജുൻ. ഒരു വർഷം മുൻപായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം. വിവാഹ ശേഷം ആറ് മാസം മുൻപാണ് അർജുൻ തിരികെ ഖത്തറിലേക്ക് മടങ്ങിയത്. ഞായറാഴ്ചയുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഇന്ത്യക്കാരടക്കം പതിമൂന്ന് പേരാണ് മരണപ്പെട്ടത്.

കഴിഞ്ഞ മാർച്ചിൽ ഇറാന്‍റെ ആക്രമണത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന റാസ് ലഫാൻ എൽഎൻജി കോംപ്ലക്സിന്റെ പ്രവർത്തനങ്ങൾ വീണ്ടും ആരംഭിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് ഖത്തർ ഊർജ്ജ മന്ത്രി സാദ് അൽ കാബി പറഞ്ഞു. സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് ഖത്തർ ഊർജ്ജ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്.

അപകടത്തിൽ പരിക്കേറ്റ എല്ലാവരുടെയും നില നിലവിൽ തൃപ്തികരമാണെന്നും അവർക്ക് ആവശ്യമായ മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ഖത്തർ അധികൃതർ അറിയിച്ചതായി ദോഹയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. അതേസമയം, അപകടത്തിൽ ഖത്തർ സർക്കാരിനും ജനങ്ങൾക്കും പൂർണ ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ച് യുഎഇയും ബഹ്‌റൈനും രംഗത്തെത്തി. അപകടത്തിൽ 13 പേർ മരണപ്പെട്ടതിൽ ഇരു രാജ്യങ്ങളും അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഈ പ്രതിസന്ധി ഘട്ടത്തെ നേരിടാനും തൊഴിലാളികളുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും ഖത്തർ അധികൃതർക്ക് സാധിക്കുമെന്ന പൂർണ ആത്മവിശ്വാസം ബഹ്‌റൈൻ പങ്കുവെച്ചു.

 

വളരെ പുതിയ വളരെ പഴയ