കുവൈത്ത് വിറച്ചു; ഇറാന്റെ തുടര്‍ച്ചയായ ആക്രമണം, വിമാനത്താവളത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്


കുവൈത്ത്: പശ്ചിമേഷ്യയില്‍ വീണ്ടും പോര് ശക്തം. അമേരിക്ക നടത്തിയ ആക്രമണത്തിന് ഇറാന്റെ ശക്തമായ തിരിച്ചടി. കുവൈത്തിനും ബഹ്‌റൈനുമെതിരെയാണ് ഇറാന്റെ ആക്രമണം.

കുവൈത്തിലെ അമേരിക്കന്‍ സേനാ താവളത്തില്‍ ഇറാന്‍ ആക്രമണം നടത്തി. ഇതിന്റെ വീഡിയോ ഇറാന്‍ പരസ്യമാക്കുകയും ചെയ്തു. ആക്രമണം നടത്തി മേല്‍ക്കോയ്മ നേടുന്ന അമേരിക്കയുടെ കാലം കഴിഞ്ഞുവെന്ന് ഇറാന്‍ താക്കീത് ചെയ്തു.

തൊട്ടുപിന്നാലെ കുവൈത്തിലെ അന്താരാഷ്ട്ര വിമാനത്താവളം ഇറാന്‍ ആക്രമിച്ചു. മിസൈലുകളും ഡ്രോണുകളുമാണ് ആക്രമണത്തിന് ഇറാന്‍ ഉപയോഗിച്ചത്. വിമാനത്താവളത്തിലെ ഒരു ടെര്‍മിനലിന് കേടുപാടുകള്‍ സംഭവിച്ചു.

 നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവര്‍ക്ക് വേണ്ട ചികില്‍സ നല്‍കുന്നുണ്ട്. ആക്രമണം കനത്തോടെ കുവൈത്തില്‍ നിന്നുള്ള വിമാന സര്‍വീസ് നിര്‍ത്തി. ചില വിമാനങ്ങള്‍ വഴിതിരിച്ചുവിടാന്‍ തീരുമാനിച്ചു എന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

വിമാനത്താവളത്തിന് കേടുപാടുകള്‍ സംഭവിച്ചു എന്നും നിരവധി പേര്‍ക്ക് പരിക്കേറ്റെന്നും കുവൈത്ത് സൈന്യം അറിയിച്ചു. കുവൈത്തിലും ബഹ്‌റൈനിലും ആക്രമണം നടത്തിയത് അമേരിക്കക്കുള്ള പാഠമാണ് എന്ന് ഇറാന്‍ സൈന്യം പ്രതികരിച്ചു. സ്വയം പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് ഇറാനിലെ ഖിഷം ദ്വീപില്‍ ആക്രമണം നടത്തിയത് എന്ന് അമേരിക്ക പറയുന്നു.

ഫെബ്രുവരി 28നാണ് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആക്രമണം തുടങ്ങിയത്. ഇറാന്‍ ശക്തമായ തിരിച്ചടി നല്‍കുകയും ചെയ്തു. ആഴ്ചകള്‍ക്ക് ശേഷം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും വാക് പോര് ശക്തമായിരുന്നു.

 ഇതിനിടെയാണ് അമേരിക്ക വീണ്ടും ഇറാനെ ആക്രമിച്ചത്. ഇതോടെ ഇറാന്‍ തിരിച്ചടി കനപ്പിച്ചു. കുവൈത്തിലും ബഹ്‌റൈനിലും നിലവില്‍ വിമാന സര്‍വീസ് ഇല്ല. യുഎഇയിലെ പല വിമാന സര്‍വീസും താളംതെറ്റി.

ആറ് രാജ്യങ്ങളുമായി ഇറാന്റെ ചര്‍ച്ച

ആക്രമണം തുടങ്ങിയ പിന്നാലെ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ആറ് രാജ്യങ്ങളുമായി ചര്‍ച്ച നടത്തി. ഫ്രാന്‍സ്, തുര്‍ക്കി, ഈജിപ്ത്, പാകിസ്താന്‍, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായിട്ടാണ് ഫോണില്‍ സംസാരിച്ചത്. പാകിസ്താന്റെ സേനാ മേധാവി ജനറല്‍ അസിം മുനീറുമായി സംസാരിച്ചുവെന്ന് ഇറാന്‍ അറിയിച്ചു.

ഇറാനില്‍ നിന്നെത്തിയ മൂന്ന് മിസൈലുകളും നിരവധി ഡ്രോണുകളും തടഞ്ഞു എന്ന് ബഹ്‌റൈന്‍ സൈന്യം അറിയിച്ചു. ഇറാന്റെത് കടന്നുകയറ്റമാണ് എന്ന് ബഹ്‌റൈന്‍ വിശേഷിപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇറാന്‍ നടത്തുന്നത്. ക്രമിനല്‍ പ്രവര്‍ത്തനമാണ് ഇറാന്‍ നടത്തുന്നത് എന്നും ബഹ്‌റൈന്‍ സൈന്യം പ്രസ്താവനയില്‍ പറയുന്നു.

ഇറാന്റെ ആക്രമണത്തെ അപലപിച്ച്‌ കുവൈത്ത് സൈന്യവും രംഗത്തെത്തി. ഇറാന്റെ ആക്രമണത്തില്‍ വലിയ നഷ്ടമുണ്ടായി എന്ന് ബ്രിഗേഡിയര്‍ ജനറല്‍ സൗദ് അബ്ദുല്‍ അസീസ് അല്‍ ഉതൈബി പറഞ്ഞു. ഇറാന്റെ കുവൈത്തിലെ ആക്രമണം ലക്ഷ്യം കണ്ടില്ലെന്ന് അമേരിക്ക പറയുന്നു. പുതിയ സാഹചര്യം ജിസിസി രാജ്യങ്ങളെ കൂടുതല്‍ ആശങ്കയിലാക്കിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ