ടെഹ്റാൻ: പശ്ചിമേഷ്യയെ വീണ്ടും വൻ യുദ്ധഭീതിയിലാഴ്ത്തി ഇറാനും അമേരിക്കയും നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക്. സമാധാന ചർച്ചകളിൽ നിന്ന് ഇറാൻ ഔദ്യോഗികമായി പിന്മാറിയതിന് പിന്നാലെ ഇരുവിഭാഗവും അതിരൂക്ഷമായ ആക്രമണങ്ങളാണ് മേഖലയിൽ അഴിച്ചുവിട്ടിരിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ തന്ത്രപ്രധാനമായ ഖഷം ദ്വീപിൽ അമേരിക്കൻ സൈന്യം ശക്തമായ ബോംബാക്രമണം നടത്തി. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്നാണ് യുഎസ് സൈന്യം വ്യക്തമാക്കുന്നത്. ഖഷം ദ്വീപിൽ വൻ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയും സ്ഥിരീകരിച്ചു.
അമേരിക്കൻ ആക്രമണത്തിന് തിരിച്ചടിയായി കുവൈത്തിനും ബഹ്‌റൈനും നേരെ ഇറാൻ മിസൈൽ മഴ പെയ്യിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇറാൻ തൊടുത്തുവിട്ട മാരക ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ ആകാശത്തുവെച്ച് വിജയകരമായി തകർത്തതായി യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് അറിയിച്ചു. ആക്രമണ ഭീഷണിയെ തുടർന്ന് ബഹ്‌റൈനിലും കുവൈറ്റിലും യുദ്ധ സൈറണുകൾ മുഴങ്ങി.
ലെബനാൻ യുദ്ധത്തിൽ നിന്ന് ഇസ്രായേലിനെ അമേരിക്ക പിന്തിരിപ്പിച്ചില്ലെങ്കിൽ ഇനി ഒരു സമാധാന ചർച്ചയ്ക്കുമില്ലെന്ന് കഴിഞ്ഞ ദിവസം ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസ് മധ്യസ്ഥതയിൽ വാഷിങ്ടണിൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുമ്പോഴും ദക്ഷിണ ലെബനാനിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. വെടിനിർത്തൽ ഉടനുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും ഇസ്രായേൽ അത് വകവെക്കാതെ മുന്നോട്ട് പോകുന്നതിൽ ട്രംപ് കടുത്ത അതൃപ്തിയിലാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ട്രംപ് കടുത്ത ഭാഷയിൽ സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട്.
