കുവൈത്ത് സിറ്റി: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ ഒന്നാം ടെർമിനലിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാരിൽ മൂന്ന് പേർ മലയാളികളാണെന്ന് തിരിച്ചറിഞ്ഞു. വിമാനത്താവളത്തിലെ ഷോപ്പുകളിൽ ജോലി ചെയ്യുന്ന ഒരു യുവതിയും രണ്ട് യുവാക്കളുമാണ് പരിക്കേറ്റ മലയാളികൾ. ആക്രമണത്തിൽ പന്ത്രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ ആകെ 63 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിൽ മധ്യപ്രദേശ് സ്വദേശിയായ മൻസൂർ അഹമ്മദ് റഹ്മാൻ മരണപ്പെട്ടു.
ആക്രമണത്തെ തുടർന്ന് കുവൈത്തിലേക്കുള്ള വ്യോമഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഇത് ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളെ ബാധിക്കുകയും നിരവധി യാത്രക്കാർ ദുരിതത്തിലാവുകയും ചെയ്തു.
അതേസമയം, ബഹ്റൈനിലും കുവൈത്തിലും ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് അറബ് രാജ്യങ്ങളും പ്രമുഖ മുസ്ലിം കൂട്ടായ്മകളും രംഗത്തെത്തി. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന് നേരെയും ബഹ്റൈനിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെയും ഉണ്ടായ ആക്രമണം പ്രാദേശിക സുരക്ഷയെ തകർക്കുന്നതും രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് യുഎഇ, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
