മസ്കത്ത്: ഒമാനിൽ വ്യക്തികൾക്കും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും (എസ്എംഇ) ആഭ്യന്തര ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്നതിനുള്ള ഫീസുകൾ പൂർണമായും ഒഴിവാക്കുന്നു.
ഡിജിറ്റൽ ബാങ്കിങ് മേഖലയിൽ വൻ പരിഷ്കരണങ്ങളുമായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത മാസം ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
• മൊബൈൽ നമ്പറോ മറ്റോ ഉപയോഗിച്ച് ഇൻസ്റ്റന്റ് പെയ്മെന്റ് സിസ്റ്റം വഴി നടത്തുന്ന വ്യക്തിഗത പണമിടപാടുകൾ, സ്വീകർത്താവ് മറ്റ് ബാങ്കുകളിലെ ഉപഭോക്താവാണെങ്കിൽ പോലും പൂർണമായും സൗജന്യമായിരിക്കും
• ആവർത്തിച്ചുള്ള പണമിടപാടുകൾക്കായി ചെക്കുകൾക്ക് പകരമായി ഉപയോഗിക്കാവുന്ന ഡയറക്ട് ഡെബിറ്റ്, ഇലക്ട്രോണിക് മാൻഡേറ്റ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകും.
ആർടിജിഎസ്, ഇസിഎസ്, ഇൻസ്റ്റന്റ് പെയ്മെന്റ് സിസ്റ്റം എന്നിവ വഴിയുള്ള പ്രാദേശിക ഡിജിറ്റൽ പണമിടപാടുകൾക്ക് വ്യക്തികളിൽ നിന്നും ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ നിന്നും യാതൊരു വിധ ഫീസും ഈടാക്കരുത് എന്ന് ബാങ്കുകൾക്കും പെയ്മെന്റ് സേവനദാതാക്കൾക്കും സിബിഒ കർശന നിർദേശം നൽകി.
മൊബൈൽ നമ്പറോ മറ്റോ ഉപയോഗിച്ച് ഇൻസ്റ്റന്റ് പെയ്മെന്റ് സിസ്റ്റം വഴി നടത്തുന്ന വ്യക്തിഗത പണമിടപാടുകൾ, സ്വീകർത്താവ് മറ്റ് ബാങ്കുകളിലെ ഉപഭോക്താവാണെങ്കിൽ പോലും പൂർണമായും സൗജന്യമായിരിക്കും.
സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ വേതന സംരക്ഷണ നിയമപ്രകാരം (ഡബ്ല്യുപിഎസ്) ബാങ്കുകൾ വഴി ശമ്പളം വിതരണം ചെയ്യുമ്പോൾ ഈടാക്കുന്ന ഫീസ് പരമാവധി ഒരു ഒമാനി റിയാലായി പരിമിതപ്പെടുത്തി.
ജീവനക്കാരുടെ എണ്ണമോ ശമ്പള ഫയലുകളുടെ എണ്ണമോ പരിഗണിക്കാതെയായിരിക്കും ഇത്. ക്യൂആർ കോഡ് വഴിയുള്ള പെയ്മെന്റുകൾക്ക് ഈടാക്കാവുന്ന മർച്ചന്റ് സർവീസ് ചാർജ് 0.75 ശതമാനത്തിൽ നിന്നും 0.50 ശതമാനം ആയി കുറച്ചു. ഇത് ഒരു ഇടപാടിൽ പരമാവധി രണ്ട് ഒമാനി റിയാലിൽ കൂടാൻ പാടില്ല.
ഒമാന്റെ ദേശീയ ബാങ്കിങ് കാർഡ് പദ്ധതിയായ 'മാൽ' വഴി വ്യാപാരികളിൽ നിന്ന് ഈടാക്കുന്ന ഇടപാട് ഫീസ് മറ്റ് കാർഡ് നെറ്റ് വർക്കുകളെ അപേക്ഷിച്ച് 50 ശതമാനത്തോളം കുറവായിരിക്കും. ഇതിന്റെ കാർഡ് ഇഷ്യൂവൻസ്, വാർഷിക ഫീസുകൾ എന്നിവയും ഒഴിവാക്കിയിട്ടുണ്ട്.
ആവർത്തിച്ചുള്ള പണമിടപാടുകൾക്കായി ചെക്കുകൾക്ക് പകരമായി ഉപയോഗിക്കാവുന്ന ഡയറക്ട് ഡെബിറ്റ്, ഇലക്ട്രോണിക് മാൻഡേറ്റ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകും.
നോട്ട് ഇടപാടുകളും ചെക്കുകളുടെ ഉപയോഗവും കുറച്ച്, രാജ്യത്തെ സമ്പൂർണ ഡിജിറ്റൽ പരിവർത്തനത്തിലേക്ക് നയിക്കുകയാണ് ഈ തീരുമാനത്തിലൂടെ സെൻട്രൽ ബാങ്ക് ലക്ഷ്യമിടുന്നത്.
