യു എ ഇ: യുഎഇയില്‍ നാളെ ചിലയിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. വിവിധ എമിറേറ്റുകളില്‍ താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നേക്കാം.
അറേബ്യൻ ഗള്‍ഫില്‍ കടല്‍ രാത്രിയോടെ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നുമാണ് NCM-ൻ്റെ പ്രത്യേക മുന്നറിയിപ്പ്.
തിങ്കളാഴ്ച രാജ്യത്ത് പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൻ്റെ പ്രവചനം. എന്നാല്‍ മണിക്കൂറില്‍ 10 മുതല്‍ 25 കിലോ മീറ്റർ വേഗതയില്‍ വീശുന്ന തെക്കു പടിഞ്ഞാറൻ-വടക്കു പടിഞ്ഞാറൻ കാറ്റ് ചില സമയങ്ങളില്‍ 40 കിലോ മീറ്റർ വരെ വേഗത കൈവരിക്കാൻ സാധ്യതയുണ്ട്. ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് രൂപപ്പെടാൻ കാരണമായേക്കും.
അറേബ്യൻ ഗള്‍ഫില്‍ കടല്‍ പൊതുവെ നേരിയതോ മിതമായതോ ആയിരിക്കുമെങ്കിലും രാത്രിയോടെ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അതേ സമയം ഒമാൻ കടലില്‍ തിരമാലകള്‍ നേരിയതോ മിതമായതോ ആയ രീതിയിലായിരിക്കും.
വിവിധ എമിറേറ്റുകളില്‍ ചൂട് വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്. ഷാർജയില്‍ 42 ഡിഗ്രി സെല്‍ഷ്യസും അബുദാബിയില്‍ 41 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 38 ഡിഗ്രി സെല്‍ഷ്യസും വരെ ഉയർന്ന താപനില രേഖപ്പെടുത്തിയേക്കാം.
എല്ലാ എമിറേറ്റുകളിലും കുറഞ്ഞ താപനില 28 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാനും സാധ്യതയുണ്ട്. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് ദുബായില്‍ 80 ശതമാനം വരെയും അബുദാബിയില്‍ 75 ശതമാനം വരെയും ഷാർജയില്‍ 70 ശതമാനം വരെയും ഉയർന്നേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
