ലബനാനിലെ ഇസ്രായേൽ ആക്രമണങ്ങൾക്കിടെ നിർണായക യുഎസ് ഇറാൻ ചർച്ചകൾ ഇന്ന് സ്വിറ്റ്സർലൻഡിൽ ആരംഭിക്കും

 


സമാധാന ധാരണകൾ ലംഘിച്ച് ലബനാനിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ, യുഎസും ഇറാനും തമ്മിലുള്ള നിർണായക തുടർചർച്ചകൾ ഇന്ന് സ്വിറ്റ്‌സർലൻഡിലെ ബർഗൻസ്റ്റോക്ക് മൗണ്ടൻ റിസോർട്ടിൽ ആരംഭിക്കും. ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും പാർലമെന്ററി സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും ഉൾപ്പെടുന്ന പ്രതിനിധി സംഘം ഇതിനകം സ്വിറ്റ്സർലൻഡിൽ എത്തിയിട്ടുണ്ട്. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും ചർച്ചകളിൽ പങ്കെടുക്കാൻ വാഷിംഗ്ടണിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. ആണവ പ്രശ്നത്തിലും ലബനൻ വെടിനിർത്തൽ വിഷയത്തിലും പുരോഗതി കൈവരിക്കുകയാണ് ചർച്ചയുടെ ലക്ഷ്യമെന്ന് വാൻസ് വ്യക്തമാക്കി. ലബനാനും ഇസ്രായേലും ഉൾപ്പെടെയുള്ള മുഴുവൻ മേഖലയുടെയും സുരക്ഷ ഉറപ്പാക്കുകയാണ് തങ്ങളുടെ അടിസ്ഥാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കുന്ന പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും ബർഗൻസ്റ്റോക്കിലേക്ക് തിരിച്ചു കഴിഞ്ഞു. ഖത്തറും ഈ ചർച്ചകളിൽ പങ്കാളികളാകുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ലബനനിലെ ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് താൽക്കാലികമായി തുറന്നുകൊടുത്ത ഹുർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലിന്റെ ഈ ആക്രമണങ്ങൾ സമാധാന ചർച്ചകളെ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്. സമാധാന വ്യവസ്ഥകൾ പാലിക്കാൻ മറുവിഭാഗവും പ്രതിബദ്ധത കാണിക്കണമെന്ന് ഇറാൻ ആവശ്യപ്പെടും. യുദ്ധം ഉടനടി അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎസും ഇറാനും തമ്മിൽ ഈ ആഴ്ച ഒപ്പുവെച്ച പ്രാരംഭ കരാറിന്റെ തുടർച്ചയായാണ് ഈ സമ്മേളനം. എന്നാൽ കരാറിന് ശേഷവും ശനിയാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ലബനാനിൽ 27 പേർ കൊല്ലപ്പെടുകയും ഒരു ഇസ്രായേലി സൈനികൻ വധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ