ഗൾഫ് മേഖലയിൽ കടുത്ത ചൂടിന് സാധ്യത: എൽ നിനോ പ്രതിഭാസം വരുന്നു

 


പസഫിക് സമുദ്രത്തിൽ രൂപം കൊള്ളുന്ന ശക്തമായ എൽ നിനോ പ്രതിഭാസത്തെ തുടർന്ന് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് മേഖലയിൽ വരും മാസങ്ങളിൽ കനത്ത ചൂടിനും അസ്ഥിരമായ കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് ഔദ്യോഗിക മുന്നറിയിപ്പ്. ഇക്കൊല്ലം ജൂലൈ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ എൽ നിനോ രൂപപ്പെടാൻ 98 ശതമാനം സാധ്യതയുണ്ടെന്നാണ് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

ഇതിന്റെ ഭാഗമായി ഗൾഫ് മേഖലയിലുടനീളം ശരാശരിയേക്കാൾ ഉയർന്ന കടുത്ത ചൂട് അനുഭവപ്പെടും. ഇതോടൊപ്പം ഒമാൻ, യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ തീരപ്രദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം ക്രമാതീതമായി ഉയർന്നേക്കുമെന്നും റിപ്പോർട്ടിലുണ്ട്. എൽ നിനോയുടെ നേരിട്ടുള്ള ആഘാതം രാജ്യത്ത് ദൃശ്യമാകില്ലെങ്കിലും പ്രാദേശിക കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ വളരെ പ്രകടമായിരിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ചൂണ്ടിക്കാട്ടി.

അതേസമയം, ചരിത്രപരമായി എൽ നിനോ പ്രതിഭാസമുള്ള വർഷങ്ങളിൽ അറബിക്കടലിലും അറേബ്യൻ ഉപദ്വീപിലും ശരത്കാലത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയേറെയാണ്. വരും മാസങ്ങളിൽ ചൂട് ക്രമാതീതമായി ഉയരാൻ സാധ്യതയുള്ളതിനാൽ തൊഴിൽ മേഖലകളിലും പൊതുജനങ്ങൾക്കിടയിലും ആവശ്യമായ പ്രതിരോധ മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ