ആഗോള ക്രൂഡ് ഓയിൽ വിപണിയിൽ ഇടിവ്; വാഹന ഉടമകൾക്ക് ആശ്വാസം: യുഎഇയിൽ പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും കുറവുണ്ടാകാൻ സാധ്യത


ദുബായ്:  ആഗോള ക്രൂഡ് ഓയിൽ വിപണിയിലെ മാറ്റങ്ങൾക്ക് പിന്നാലെ അടുത്ത മാസത്തിൽ യുഎഇയിലെ പെട്രോൾ, ഡീസൽ വിലയിൽ തുടർച്ചയായ രണ്ടാം മാസവും കുറവുണ്ടായേക്കുമെന്ന് പ്രവചനം. 

ഈ മാസം ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് ശരാശരി 87 ഡോളറിലെത്തിയതും രാജ്യാന്തര വിപണിയിലെ ഏറ്റക്കുറച്ചിലുകളുമാണ് ആഭ്യന്തര ഇന്ധനവില കുറയാൻ വഴിയൊരുക്കുന്നത്.

സെഞ്ച്വറി ഫിനാൻഷ്യൽ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫിസർ വിജയ് വലേച്ചയുടെ വിശകലനം അനുസരിച്ച് ഈ മാസത്തിലെ ക്രൂഡ് ഓയിൽ വിലക്കുറവ് ഓഗസ്റ്റിലെ പെട്രോൾ നിരക്കിൽ പ്രതിഫലിക്കും. 

ക്രൂഡ് ഓയിൽ വിലയിൽ വലിയ ഇടിവുണ്ടായിട്ടുണ്ടെങ്കിലും പെട്രോൾ പമ്പുകളിലെ വിലക്കുറവ് അത്ര വലിയ രീതിയിൽ പെട്ടെന്നുണ്ടാകില്ല. എങ്കിലും ഓഗസ്റ്റിൽ നേരിയ ആശ്വാസം പ്രതീക്ഷിക്കാം.

സ്പെഷൽ 95: ലിറ്ററിന് ഏകദേശം 3.13 ദിർഹം, സൂപ്പർ 98: ലിറ്ററിന് ഏകദേശം 3.24 ദിർഹം എന്നിങ്ങനെയാണ് ഓഗസ്റ്റിലെ പെട്രോൾ വിലയിൽ ഉണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങൾ.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ വർധിച്ച ഇന്ധനവിലയിൽ ജൂലൈയിലാണ് ആശ്വാസകരമായ കുറവുണ്ടായത്. ഈ മാസം സൂപ്പർ 98 ന് 3.40 ദിർഹവും സ്പെഷ്യൽ 95 ന് 3.29 ദിർഹവും ഇ-പ്ലസിന് 3.21 ദിർഹവും ഡീസലിന് 3.60 ദിർഹവുമാണ് ഈടാക്കിയിരുന്നത്.

അതേസമയം, ഭൗമരാഷ്ട്രീയ സംഘർഷങ്ങളും രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വങ്ങളും തുടരുന്നതിനാൽ എണ്ണവിലയിൽ പെട്ടെന്നുള്ള വ്യതിയാനങ്ങൾ ഉണ്ടായേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുന്ന ഔദ്യോഗിക വില വിവരം ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ വരും.

വളരെ പുതിയ വളരെ പഴയ