ദുബായ്: ഫോൺ വഴിയും ഇന്റർനെറ്റ് വഴിയുമുള്ള സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം മുന്നറിയിപ്പ് നൽകി.
ദുബായ് പൊലീസ് പോസിറ്റീവ് സ്പിരിറ്റ് കൗൺസിലിന്റെ നേതൃത്വത്തിൽ അൽ ബർഷ പ്രദേശത്ത് സംഘടിപ്പിച്ച "ഷെയ്‌ഡ് ആൻഡ് റിവാർഡ്' പദ്ധതിയുടെ ആറാം ആഴ്ചയിലെ ബോധവൽക്കരണ പരിപാടിയിലാണ് പൊലീസ് ഈ മുന്നറിയിപ്പ് നൽകിയത്.
ഔദ്യോഗിക സ്ഥാപനങ്ങളിൽ നിന്നോ ബാങ്കുകളിൽ നിന്നോ ആണെന്ന് അവകാശപ്പെട്ട് വിളിക്കുന്നവർക്ക് യാതൊരു കാരണവശാലും വ്യക്തിഗത വിവരങ്ങളോ ബാങ്ക് അക്കൗണ്ട്, എടിഎം കാർഡ് വിശദാംശങ്ങളോ കൈമാറരുതെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള ക്രൈം പ്രിവൻഷൻ വിഭാഗം ഓർമിപ്പിച്ചു.
പൊലീസ് നൽകിയ പ്രധാന മുന്നറിയിപ്പുകൾ
1. ബാങ്ക് വിവരങ്ങൾ ചോദിക്കില്ല: ദുബായ് പൊലീസ് ഒരിക്കലും വ്യക്തികളെ ഫോണിൽ വിളിച്ചോ സന്ദേശങ്ങൾ (SMS) അയച്ചോ ബാങ്ക് വിവരങ്ങളോ രഹസ്യ കോഡുകളോ (ഒടിപി) ആവശ്യപ്പെടാറില്ല.
2. വിഡിയോ കോളുകൾ വഴി നടപടികളില്ല: ഔദ്യോഗിക നടപടികൾക്കോ ഇടപാടുകൾ പൂർത്തിയാക്കാനോ വേണ്ടി പൊലീസ് യാതൊരു കാരണവശാലും പൊതുജനങ്ങളെ വിഡിയോ കോളിങ് ആപ്പുകൾ വഴി ബന്ധപ്പെടാറില്ല.
3. ഉടനടി പരാതിപ്പെടണം:
സംശയകരമായ രീതിയിലുള്ള ഫോൺ വിളികളോ സന്ദേശങ്ങളോ ലഭിച്ചാൽ യാതൊരു വിവരവും കൈമാറാതെ ഉടനടി ദുബായ് പൊലീസിന്റെ ഔദ്യോഗിക മാർഗങ്ങളിലൂടെ വിവരം അറിയിക്കണം.
തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകിക്കൊണ്ട് അവർ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ നേരിട്ടെത്തിയാണ് ദുബായ് പൊലീസ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
അൽ ബർഷ പൊലീസ് സ്റ്റേഷൻ, വിക്ടിം സപ്പോർട്ട് സെന്റർ, ട്രാഫിക് വിഭാഗം, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം, ദുബായ് പൊലീസ് ഹെൽത്ത് സെന്റർ എന്നിവയുടെയും "താങ്ക് യൂ ഫോർ യുവർ ഗിവിങ്' വൊളന്റിയർ ടീമിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ 380-ലേറെ തൊഴിലാളികൾ പങ്കെടുത്തു. ഇവർക്കായി ഭക്ഷണവും പാനീയങ്ങളും കുടകളും വിതരണം ചെയ്തു.
വേനൽക്കാലത്ത് ഉച്ചവിശ്രമ നിയമം പാലിക്കേണ്ടതിന്റെ ആവശ്യകത, സൂര്യാഘാതത്തിൽ നിന്നുള്ള മുൻകരുതലുകൾ, ആരോഗ്യ നിർദേശങ്ങൾ എന്നിവയെക്കുറിച്ച് ദുബായ് പൊലീസ് ഹെൽത്ത് സെന്റർ ചടങ്ങിൽ വിശദീകരിച്ചു.
തൊഴിലാളികളുടെ ആരോഗ്യ-സുരക്ഷാ കാര്യങ്ങളിൽ പൂർണ സംരക്ഷണം ഉറപ്പാക്കുകയും തട്ടിപ്പുകളിൽ നിന്ന് അവരെ സംരക്ഷിക്കുകയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പോസിറ്റീവ് സ്പിരിറ്റ് കൗൺസിൽ ചെയർപേഴ്സൺ ഫാത്തിമ അഹമ്മദ് ബുഹജീർ പറഞ്ഞു.
