ദുബായിൽ ഇ-സ്കൂട്ടർ, സൈക്കിൾ യാത്രികർക്ക് പുതിയ നിയമങ്ങൾ; ബോധവൽക്കരണ ക്യാമ്പയിനുമായി പോലീസ്

 


ദുബായ്: സൈക്കിൾ, ഇ-സ്കൂട്ടർ യാത്രികരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമായി ദുബായ് പോലീസ് പുതിയ ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിച്ചു. പോർട്ട്സ് പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ 'സൈക്ലിസ്റ്റുകളുടെയും ഇ-സ്കൂട്ടർ യാത്രികരുടെയും സുരക്ഷയ്ക്കായി ഒന്നിച്ച്' എന്ന പേരിൽ ഡ്രൈഡോക്സ് വേൾഡിലെ ജീവനക്കാർക്കായാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഹെൽമറ്റ് നിർബന്ധമാക്കുക, രാത്രികാലങ്ങളിൽ ലൈറ്റുകൾ ഉപയോഗിക്കുക തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

പോർട്ട്സ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. ഡോ. ഹസ്സൻ സുഹൈൽ അൽ സുവൈദി, ഡെപ്യൂട്ടി ഡയറക്ടർ കേണൽ അഹമ്മദ് അബ്ദുള്ള അൽ അദൈദി, റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ), ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക്, ഡ്രൈഡോക്സ് വേൾഡ് എന്നിവടങ്ങളിലെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. സുരക്ഷിതമല്ലാത്ത യാത്രാരീതികൾ മൂലമുണ്ടാകുന്ന അപകടങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ബ്രി. ഡോ. അൽ സുവൈദി പറഞ്ഞു.

നിശ്ചിതമല്ലാത്ത സ്ഥലങ്ങളിലൂടെ റോഡിന് കുറുകെ കടക്കുക, പൊതുനിരത്തുകളിൽ വാഹനങ്ങൾക്കിടയിലൂടെ അപകടകരമായ രീതിയിൽ ഓടിക്കുക തുടങ്ങിയവ ഗതാഗത തടസ്സമുണ്ടാക്കുന്നതിനൊപ്പം ജീവന് തന്നെ ഭീഷണിയാണ്. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും തടസ്സമുണ്ടാക്കുന്ന രീതിയിൽ ഇവ അലക്ഷ്യമായി പാർക്ക് ചെയ്യരുതെന്നും നിർദേശമുണ്ട്. ട്രാഫിക് സിഗ്നൽ ബോർഡുകളിലോ വിളക്കുകാലുകളിലോ ഇവ കെട്ടിയിടാൻ പാടില്ലെന്നും പാർക്കിങ്ങിനായി അനുവദിച്ച സ്ഥലങ്ങൾ മാത്രം ഉപയോഗിക്കണമെന്നും അധികൃതർ വ്യക്തമാക്കി. മറ്റു വാഹനങ്ങളിൽ നിന്നും കാൽനടയാത്രക്കാരിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ചുമാത്രമേ യാത്ര ചെയ്യാവൂ. നിയമങ്ങൾ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബായ് പോലീസ് ജീവനക്കാർക്ക് സുരക്ഷാ ഉപകരണങ്ങൾ അടങ്ങിയ സമ്മാനങ്ങളും വിതരണം ചെയ്തു.

 

വളരെ പുതിയ വളരെ പഴയ