വാഷിങ്ടൺ/തെഹ്‌റാൻ: ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായി ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കൻ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി. ഇതോടെ കഴിഞ്ഞ ജൂണിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചിരുന്ന വെടിനിർത്തൽ കരാറും സമാധാന ശ്രമങ്ങളും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ചൊവ്വാഴ്ച ആരംഭിച്ച സൈനിക നടപടിയിൽ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ, മിസൈൽ-ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ എന്നിവയാണ് യുഎസ് തകർത്തതെന്ന് പെന്റഗൺ അറിയിച്ചു. ദക്ഷിണ ഇറാനിലെ സിരിക് തുറമുഖം, ഖഷം ദ്വീപ്, ബന്ദർ അബ്ബാസ് എന്നിവക്ക് സമീപം വൻ സ്ഫോടനങ്ങൾ ഉണ്ടായതായും സിരിക് തുറമുഖത്തെ ആക്രമണത്തിൽ പലർക്കും പരിക്കേറ്റതായും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹുർമുസ് കടലിടുക്കിൽ സൗദി അറേബ്യയുടെയും ഖത്തറിന്റെയും കപ്പലുകൾ ഉൾപ്പെടെ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായതാണ് പെട്ടെന്നുള്ള യുഎസ് സൈനിക നടപടിക്ക് കാരണമായത്. സൗദി ടാങ്കറിന് നേരെ ഇറാൻ റെവല്യൂഷണറി ഗാർഡ്സ് മിസൈൽ ആക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ. കപ്പൽ ആക്രമണങ്ങളോട് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, സംഭവത്തെ തുടർന്ന് ഇറാനിയൻ എണ്ണ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക ഉപരോധ ഇളവുകൾ യുഎസ് ട്രഷറി വകുപ്പ് അടിയന്തരമായി റദ്ദാക്കി.
ജൂൺ 17ന് ഒപ്പുവെച്ച വെടിനിർത്തൽ കരാർ പ്രകാരം ആഗസ്റ്റ് 21 വരെ ഇറാന് എണ്ണ വിൽപ്പനക്ക് അനുമതി നൽകിയിരുന്നതാണ് യുഎസ് ഇരുപത് ദിവസത്തിനുള്ളിൽ പിൻവലിച്ചത്. അമേരിക്കയുടെ ഈ നടപടി കരാറിന്റെ ലംഘനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഫെബ്രുവരി അവസാനം മുതൽ ഇറാനെതിരെ യുഎസും ഇസ്രായേലും തുടങ്ങിയ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ കരാർ.
അതേസമയം, കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്കാര ചടങ്ങുകൾക്കായി ഇറാഖിലായിരുന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ അടിയന്തരമായി രാജ്യത്തേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഹുർമുസ് കടലിടുക്കിലെ കപ്പൽ പാതകളെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ നേരത്തെ തന്നെ തർക്കം നിലനിന്നിരുന്നു. മേഖലയിൽ യുദ്ധാന്തരീക്ഷം വീണ്ടും ശക്തമായതോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ വൻ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
