ജിദ്ദ: വിദേശ വിനോദസഞ്ചാരികൾക്കായി യാത്രാനടപടികൾ കൂടുതൽ ലളിതമാക്കുന്ന പുതിയ ടൂറിസ്റ്റ് വിസ പാക്കേജ് സേവനത്തിന് സൗദി അറേബ്യ തുടക്കം കുറിച്ചു. സമഗ്രമായ യാത്രാ പാക്കേജുകളുടെ ഭാഗമായി സൗദി വിസ ലഭ്യമാക്കുന്ന ഈ സംരംഭത്തിന്റെ ആദ്യഘട്ടത്തിൽ ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്കാണ് പ്രയോജനം ലഭിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്ത്യക്ക് പുറമെ ഈജിപ്ത്, ജോർദാൻ, ബംഗ്ലാദേശ്, ഇന്തൊനീഷ്യം, പാക്കിസ്ഥാൻ, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് ആദ്യഘട്ട പട്ടികയിലുള്ളത്. വരും ഘട്ടങ്ങളിൽ കൂടുതൽ രാജ്യങ്ങളിലേക്ക് ഈ സേവനം വ്യാപിപ്പിക്കുമെന്ന് ടൂറിസം മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
ടൂറിസം, വിദേശകാര്യം, ആഭ്യന്തര മന്ത്രാലയങ്ങളും ഇൻഷുറൻസ് അതോറിറ്റിയും സംയുക്തമായി സഹകരിച്ചാണ് ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. നിർദിഷ്ട വിപണികളിലെ അംഗീകൃത ജനറൽ കാറ്റഗറി ആൻഡ് ടൂറിസം സ്ഥാപനങ്ങൾ വഴി ബുക്ക് ചെയ്യുന്ന സമഗ്ര പാക്കേജുകളുടെ ഭാഗമായാണ് സഞ്ചാരികൾക്ക് ഇനി ടൂറിസ്റ്റ് വിസ ലഭിക്കുക.
