ഇറാന്‍റെ വൻ വ്യോമാക്രമണത്തിൽ 85 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഐആര്‍ജിസി; ബഹ്റൈനിലും കുവൈത്തിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി


കുവൈത്ത് സിറ്റി: ബഹ്റൈനിലെയും കുവൈത്തിലെയും യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍റെ മിസൈല്‍-ഡ്രോണ്‍ ആക്രമണം.

ആക്രമണത്തെ തുടർന്ന് ബഹ്റൈനില്‍ ബുധനാഴ്ച രാവിലെ തുടർച്ചയായി രണ്ടാം തവണയും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി.

ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. ശത്രുക്കളുടെ മിസൈലുകളെയും ഡ്രോണുകളെയും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം ശക്തമായി നേരിടുകയാണെന്ന് കുവൈത്ത് സൈന്യവും വ്യക്തമാക്കി.

യുഎസ് താവളങ്ങള്‍ തകർത്തെന്ന് ഇറാൻ

ബഹ്റൈനിലെ യുഎസിന്റെ ഫിഫ്ത് നേവല്‍ ഡിസ്ട്രിക്റ്റ്, കുവൈത്തിലെ അലി അല്‍ സാലം എയർ ബേസ് എന്നീ തന്ത്രപ്രധാന യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് സംയുക്ത മിസൈല്‍-ഡ്രോണ്‍ ആക്രമണം നടത്തിയതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് സ്ഥിരീകരിച്ചു. 

തങ്ങളുടെ സൈനിക നീക്കത്തിന് തടസ്സം നില്‍ക്കാൻ ശ്രമിച്ച യുഎസിന്റെ അത്യാധുനിക 'എക്യു9' റീപ്പർ ഡ്രോണ്‍ വെടിവെച്ചിട്ടതായും ഇറാൻ അവകാശപ്പെട്ടു.

യുഎസ് നടത്തിയ വെടിനിർത്തല്‍ കരാർ ലംഘനത്തിന് പകരമായി ബഹ്റൈനിലെയും കുവൈത്തിലെയും 85 യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ വ്യോമാക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു.

ബഹ്റൈനിലെയും കുവൈത്തിലെയും തന്ത്രപ്രധാനമായ യുഎസ് ക്യാമ്പുകളും കപ്പല്‍പ്പടയുടെ കേന്ദ്രങ്ങളുമടക്കം 85 ഇടങ്ങളിലാണ് ഒരേ സമയം സ്ഫോടന പരമ്പരകള്‍ ഉണ്ടായതെന്നാണ് അവകാശവാദം. 

താല്‍ക്കാലിക വെടിനിർത്തല്‍ കരാർ യുഎസ് ലംഘിച്ചതിനാലാണ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് കടക്കേണ്ടി വന്നതെന്ന് ഇറാന്‍റെ സൈനിക നേതൃത്വം വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന് ഇരു രാജ്യങ്ങളിലും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങുകയും പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ