യുഎഇ: നിയമങ്ങള്‍ പരിഷ്‌കരിക്കുകയും അത് കര്‍ശനമായി നടപ്പിലാക്കുകയും ചെയ്യുന്നതില്‍ വളരേയധികം മുൻപന്തിയിലാണ് എല്ലാക്കാലത്തും ഗള്‍ഫ് രാജ്യങ്ങള്‍.
ഇപ്പോഴിതാ രാജ്യത്തെ സാംസ്‌കാരിക പൈതൃകങ്ങളും അതോടൊപ്പം പുരാവസ്തുക്കളും സംരക്ഷിക്കുന്നതിനായി കര്‍ശന നിയമം നടപ്പിലാക്കുകയാണ് യുഎഇ. കര്‍ശനമായ വ്യവസ്ഥകളോടെയുള്ള പുതിയ നിയമത്തിന് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്.
പൈതൃക വസ്തുക്കള്‍ മനപൂര്‍വ്വം നശിപ്പിക്കുകയോ, മോഷ്ടിക്കുകയോ, രാജ്യത്ത് നിന്ന് കടത്തുകയോ ചെയ്യുന്നവര്‍ക്ക് കഠിന തടവും ഒരു കോടി ദിര്‍ഹം (ഏതാണ്ട് 25 കോടിയിലേറെ ഇന്ത്യന്‍ രൂപ) വരെ വന്‍ പിഴയുമാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. വരും തലമുറയ്ക്ക് വേണ്ടി സാംസ്‌കാരിക പൈതൃകങ്ങള്‍ കൃത്യമായി നിലനിര്‍ത്തുകയെന്ന ഉദ്ദേശത്തോടെയാണ് നിയമം പരിഷ്‌കരിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കും. സ്പര്‍ശിക്കാനാകുന്ന ഭൗതിക പൈതൃകങ്ങള്‍, സാംസ്‌കാരിക പാരമ്പര്യങ്ങള്‍, പ്രകൃതിദത്ത പൈതൃകങ്ങള്‍ എന്നിവയ്ക്ക് പുറമെ ഇതാദ്യമായി 'ഡിജിറ്റല്‍ പൈതൃകവും' നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന പ്രത്യേകതയുമുണ്ട്.
രാജ്യത്തിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ മൂല്യമുള്ള ഡിജിറ്റല്‍ വിവരങ്ങളും രേഖകളുമാണ് ഡിജിറ്റല്‍ പൈതൃകമായി കണക്കാക്കുക.
കൂടാതെ, കടലിനടിയിലുള്ള പുരാവസ്തുക്കള്‍ക്കും കപ്പല്‍ അവശിഷ്ടങ്ങള്‍ക്കും ഈ നിയമപ്രകാരം സംരക്ഷണം ലഭിക്കുന്നവയുടെ പട്ടികയില്‍ ഉള്‍പ്പെടും.
പൈതൃക സ്മാരകങ്ങളും പുരാവസ്തുക്കളും കരുതിക്കൂട്ടി നശിപ്പിക്കുകയോ, മോഷ്ടിക്കുകയോ ചെയ്യുന്നവര്‍ക്കും, അനുമതിയില്ലാതെ ഇത്തരം സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും, പുരാവസ്തുക്കള്‍ കടത്തുന്നവര്‍ക്കും തടവു ശിക്ഷയും 5 ലക്ഷം മുതല്‍ ഒരു കോടി ദിര്‍ഹം വരെ പിഴയും ലഭിക്കും.
