യുഎഇയിൽ ആറുമാസത്തിനിടെ 2.7 കോടി ജനങ്ങൾക്ക് സേവനമേകി എഐ ഡിജിറ്റൽ സംവിധാനങ്ങൾ

 


ദുബായ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ആറു മാസത്തിനിടെ 2.7 കോടിയിലേറെ ഉപഭോക്തൃ ആശയവിനിമയങ്ങൾ പൂർത്തിയാക്കി യുഎഇ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. സേവനങ്ങളുടെ വേഗവും കാര്യക്ഷമതയും വർധിച്ചതോടെ ഉപഭോക്തൃ സംതൃപ്തി 90.4 ശതമാനമായി ഉയർന്നതായി മന്ത്രാലയം അറിയിച്ചു.

തവാസുൽ എന്ന സംയോജിത ഡിജിറ്റൽ സംവിധാനം വഴിയാണ് ഈ സേവനങ്ങൾ ലഭ്യമാക്കിയത്. എഐ, ഡേറ്റ അനലിറ്റിക്സ് എന്നിവയുടെ സഹായത്തോടെ ലളിതവും വേഗമേറിയതുമായ സർക്കാർ സേവന മാതൃക നടപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ആറു മാസത്തിനിടെ കോൾ സെന്ററുകൾ വഴി 12.4 ലക്ഷത്തിലധികം കോളുകൾ കൈകാര്യം ചെയ്തു. ഇതിൽ 8.15 ലക്ഷം കോളുകൾ ജീവനക്കാർ നേരിട്ട് പരിഹരിച്ചപ്പോൾ, 30,000 കോളുകൾ മനുഷ്യ ഇടപെടലുകളില്ലാതെ ഓട്ടമേറ്റഡ് സംവിധാനത്തിലൂടെ പൂർത്തിയാക്കി. 42,500 വിഡിയോ കോളുകളും കൈകാര്യം ചെയ്തു. ഡിജിറ്റൽ ചാനലുകൾ വഴി വാട്സാപ്പിലൂടെ 1.23 ലക്ഷവും, ഇമെയിൽ വഴി 90,000, ഡിജിറ്റൽ ചാറ്റിലൂടെ 76,000ലേറെ ആശയവിനിമയങ്ങളും നടന്നു.

തൊഴിലുടമകൾക്കായി 47 ലക്ഷത്തിലധികം സ്ഥാപന അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ മുൻകൂട്ടി അയക്കുകയും, നിയമങ്ങളും സേവനങ്ങളും സംബന്ധിച്ച് 1.1 കോടി ഇമെയിലുകളും 60 ലക്ഷം എസ്എംഎസുകളും 5 ലക്ഷം വാട്സാപ്പ് സന്ദേശങ്ങളും കൈമാറുകയും ചെയ്തു. ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തി സേവനങ്ങൾ മെച്ചപ്പെടുത്താൻ 18 കസ്റ്റമർ കൗൺസിലുകൾ സംഘടിപ്പിച്ചു. പരാതികളും നിർദേശങ്ങളും സാങ്കേതിക സഹായ അഭ്യർഥനകളും ഉൾപ്പെടെ 2.09 ലക്ഷം പ്രതികരണങ്ങൾ മന്ത്രാലയം പരിഗണിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ