ഓണാഘോഷത്തിനും സ്കൂൾ അവധിക്കുമായി നാട്ടിലെത്തിയ പ്രവാസികൾ ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങാനിരിക്കെ വിമാനക്കമ്പനികളുടെ അമിത ടിക്കറ്റ് നിരക്ക് വലിയ തിരിച്ചടിയാകുന്നു. ഓണം കഴിഞ്ഞ് തിരികെപ്പോകുന്ന പ്രവാസികളെ ലക്ഷ്യമിട്ട് കേരളത്തിൽ നിന്നുള്ള വിമാനത്താവളങ്ങളിൽ നിന്ന് നാലും അഞ്ചും ഇരട്ടി വരെ നിരക്കാണ് കമ്പനികൾ ഈടാക്കുന്നത്. പശ്ചിമേഷ്യയിലെ നിലവിലുള്ള സംഘർഷാവസ്ഥ കാരണം ടിക്കറ്റ് നിരക്ക് ഉയർന്നു നിൽക്കുന്നതിനിടെയാണ് ഈ അധിക ഭാരം.
ഓഗസ്റ്റ് 20 വരെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് അബൂദബിയിലേക്കും ദുബൈയിലേക്കും 30,000 രൂപയിൽ താഴെ നിരക്ക് ഉള്ളപ്പോൾ, ഓണം കഴിഞ്ഞ് ഓഗസ്റ്റ് 30-ഓടെ ഇത് 80,000 മുതൽ 1.10 ലക്ഷം രൂപ വരെയായി കുതിച്ചുയർന്നു. അതേസമയം ഇതേ കാലയളവിൽ ചെന്നൈ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കിൽ വലിയ വർധനവില്ല. കേരളത്തെ അപേക്ഷിച്ച് മറ്റ് സംസ്ഥാനങ്ങളിൽ 40 ശതമാനം വരെ നിരക്ക് കുറവാണെന്നത് മലയാളി യാത്രക്കാരെ ലക്ഷ്യമിട്ടുള്ള ചൂഷണമാണെന്ന് വ്യക്തമാക്കുന്നു. എന്നാൽ ഗൾഫിൽ നിന്ന് കേരളത്തിലേക്ക് വരാൻ ഇതേ കാലയളവിൽ 12,000 രൂപ മുതൽ 22,000 രൂപ വരെ മാത്രമാണ് നിരക്ക്. ഗൾഫിലെ അവധിക്കാലവും സ്‌കൂൾ തുറക്കുന്ന സാഹചര്യവും ഓണവും ഒരുമിച്ച് വന്നതാണ് വിമാനക്കമ്പനികൾ മുതലെടുക്കുന്നത്.
:
