ദോഹ: ഇറാനിയൻ പൈലറ്റുമാരുമായി ബന്ധപ്പെട്ട തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കാൻ സാങ്കേതിക സംഘത്തിനായി ഇപ്പോഴും വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി വ്യക്തമായി. ഇറാനിയൻ സംഘത്തെ അയക്കാനുള്ള ക്ഷണത്തോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, ആ അവസരം ഇനിയും ഉപയോഗിക്കാമെന്ന് പ്രതിവാര വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഖത്തറിനെതിരെ ഇറാനിയൻ മാധ്യമങ്ങളിൽ വന്ന പ്രസ്താവനകൾ അത്ഭുതപ്പെടുത്തുന്നതും തികച്ചും അടിസ്ഥാനരഹിതവുമാണ്. അന്താരാഷ്ട്ര-മാനവിക ബാധ്യതകൾ പൂർണ്ണമായും പാലിച്ചാണ് ദോഹ വിഷയത്തിൽ പ്രവർത്തിച്ചത്. ദോഹ നഗരത്തെ ലക്ഷ്യമാക്കി ഖത്തർ വ്യോമാതിർത്തിയിൽ പ്രവേശിച്ച ഇറാനിയൻ വിമാനങ്ങളിലെ പൈലറ്റുമാരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് നിലവിലുള്ള നിയമങ്ങൾ (Rules of engagement) അനുസരിച്ചാണ് പ്രതിരോധ നടപടികൾ സ്വീകരിച്ചത്.
സംഭവത്തിനു പിന്നാലെ അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം തിരച്ചിൽ നടത്തുകയും ഒരു പൈലറ്റിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തു. വിവരം ഇറാനെ ഔദ്യോഗികമായി അറിയിച്ച ശേഷം മൃതദേഹം കൈമാറുകയും ചടങ്ങുകൾക്ക് ശേഷം തിരച്ചിൽ അവസാനിപ്പിക്കുകയും ചെയ്തു. വ്യാജ മാധ്യമ പ്രചാരണങ്ങളിൽ ഖത്തറിന് താൽപ്പര്യമില്ലെന്നും, രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും സംരക്ഷിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്കിൽ സ്വതന്ത്ര കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിനും വെടിനിർത്തൽ നടപ്പിലാക്കുന്നതിനും നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങേണ്ടതുണ്ട്. മുൻ ധാരണകൾ പാലിക്കുക മാത്രമാണ് നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള വഴി. ഒമാനും ഇറാനും തമ്മിൽ ധാരണയിലെത്തുന്നത് ചർച്ചകൾ പുനരാരംഭിക്കാൻ സഹായിക്കും. മേഖലയിൽ സംഘർഷം ലഘൂകരിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ ഖത്തർ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
