വാഷിങ്‌ടൺ/ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകളെച്ചൊല്ലി വിരുദ്ധ പ്രസ്താവനകളുമായി ഇരുരാജ്യങ്ങളും. തങ്ങൾ തമ്മിൽ പ്രാഥമിക ധാരണയിലെത്തിയെന്നും തിങ്കളാഴ്ച ഉച്ചയോടെ ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എയർഫോഴ്സ് വണ്ണിൽ മാധ്യമങ്ങളോട് പറഞ്ഞു. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിലും ഇറാന്റെ ആണവപദ്ധതി സംബന്ധിച്ചും ചർച്ച നടക്കുമെന്നാണ് ട്രംപിന്റെ അവകാശവാദം.
എന്നാൽ, അമേരിക്കയുമായി നേരിട്ട് യാതൊരുവിധ ചർച്ചകളും നടക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മായിൽ ബഖായി വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് വഴി താൽക്കാലികമായി സുരക്ഷിത പാത അനുവദിക്കുന്നത് സംബന്ധിച്ച് ഒമാനുമായാണ് ചർച്ച നടത്തുന്നതെന്നും, അമേരിക്കൻ പ്രതിനിധികളുമായി ചർച്ച നടത്തുന്ന കാര്യം തങ്ങളുടെ പരിഗണനയിലില്ലെന്നും ഇറാൻ വ്യക്തമാക്കി.
