മനാമ: ഹോർമുസ് കടലിടുക്കിലെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇറാൻ വിളിച്ചുചേർത്ത നയതന്ത്ര ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ബഹ്‌റൈൻ വ്യക്തമാക്കി. തങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബഹ്‌റൈൻ തീരുമാനം അറിയിച്ചത്. ഇറാനുമായുള്ള നയതന്ത്രബന്ധം മുൻപത്തെക്കാൾ ശക്തമാക്കിയതിനു ശേഷം മാത്രം മതി ചർച്ചകളെന്ന നിലപാടിലാണ് ബഹ്‌റൈൻ.
ഹോർമുസ് കടലിടുക്കിൽ താൽക്കാലിക സമുദ്ര ഇടനാഴി തുറക്കുന്നതും കപ്പലുകൾക്ക് സുരക്ഷിത പാതയൊരുക്കുന്നതും ചർച്ച ചെയ്യുന്നതിനായി ഒമാനിലെ സലാലയിലാണ് ഇറാൻ യോഗം വിളിച്ചത്. തിങ്കളാഴ്ച നടക്കുന്ന യോഗത്തിൽ ജി.സി.സി (GCC) രാജ്യങ്ങളിലെയും ഇറാഖിലെയും വിദേശകാര്യമന്ത്രിമാർക്ക് ക്ഷണമുണ്ട്.
അതേസമയം, മേഖലയിൽ സംഘർഷം രൂക്ഷമായി തുടരുകയാണ്. യെമനിലെ ബാബ് അൽ-മന്ദബ് കടലിടുക്കിൽ ഹൂതികൾ സ്വാധീനം ശക്തമാക്കുമ്പോൾ സൗദിയുടെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ് ലൈനിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് പമ്പിംഗ് സ്റ്റേഷനുകളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. ഇറാഖിൽ നിന്നാണ് ആക്രമണമുണ്ടായതെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദി അറിയിച്ചു.
