സൗദി ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈന് നേരെ ഡ്രോൺ ആക്രമണം: എണ്ണ വിതരണം താൽക്കാലികമായി നിർത്തിവച്ചു; ശക്തമായി അപലപിച്ച് ജിസിസിയും അറബ് രാജ്യങ്ങളും


 ജിദ്ദ: സൗദി അറേബ്യയിൽ ഹോർമുസ് കടലിടുക്കിന് ബദലായി ചെങ്കടൽ വഴി എണ്ണ കയറ്റുമതി ചെയ്യാൻ ഉപയോഗിക്കുന്ന ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈന് നേരെ ഡ്രോൺ ആക്രമണം. ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളാണ് റിയാദ്, മദീന പ്രവിശ്യകളിലൂടെ കടന്നുപോകുന്ന പൈപ്പ്‌ലൈൻ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. സംഭവത്തിൽ ചിലർക്ക് പരിക്കേൽക്കുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി സൗദി ഊർജ മന്ത്രാലയം സ്ഥിരീകരിച്ചു. മുൻകരുതൽ നടപടിയായി പൈപ്പ്‌ലൈനിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

തകരാറുകൾ പരിഹരിച്ച് പൈപ്പ്‌ലൈൻ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഇറാഖിന്റെ മണ്ണിൽ നിന്നുള്ള ആക്രമണങ്ങൾ തടയാൻ സ്വന്തം സർക്കാരിന് സമയം അനുവദിക്കണമെന്ന് ഇറാഖ് പ്രധാനമന്ത്രി അലി അൽസൈദി അഭ്യർത്ഥിച്ചതിന്റെ അടിസ്ഥാനത്തിൽ നിലവിൽ തിരിച്ചടി നൽകേണ്ടതില്ലെന്ന് സൗദി അറേബ്യ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയും ഉറപ്പാക്കാൻ ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാൻ സൗദിക്ക് അവകാശമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ആക്രമണത്തെ തുടർന്ന് സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ഇറാഖ് വിദേശ മന്ത്രി ഫുആദ് ഹുസൈനും ഫോണിൽ ചർച്ച നടത്തി. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽഥാനി, തുർക്കി വിദേശ മന്ത്രി ഹാകാൻ ഫിദാൻ എന്നിവരുമായും സൗദി വിദേശ മന്ത്രി ചർച്ചകൾ നടത്തിയിട്ടുണ്ട്. സൗദിയിലെ എണ്ണ പൈപ്പ്‌ലൈനിനു നേരെ ഇറാഖിൽ നിന്നുണ്ടായ ആക്രമണത്തെ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ജാസിം അൽബുദൈവിയും ബഹ്റൈൻ, ജോർദാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളും മുസ്ലിം വേൾഡ് ലീഗും ശക്തമായി അപലപിച്ചു.

 

വളരെ പുതിയ വളരെ പഴയ