റിയാദിൽ മലയാളികളെ മർദിച്ച് ഫ്ലാറ്റിൽ വൻ കവർച്ച; 2.2 കോടിയുടെ പണവും സാമഗ്രികളും കവർന്നു

 


റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ മലയാളി ജീവനക്കാർ താമസിക്കുന്ന ഫ്ലാറ്റിൽ അതിക്രമിച്ചു കയറി പത്ത് ലക്ഷത്തോളം റിയാലിന്റെ (ഏകദേശം 2.2 കോടി രൂപ) കവർച്ച നടത്തി. റിയാദിലെ നസീമിൽ സിഗരറ്റ് മൊത്തവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ പ്രവാസികളെ കെട്ടിയിട്ട് ക്രൂരമായി മർദിച്ച ശേഷമായിരുന്നു മോഷണം.

പാകിസ്ഥാൻ, അറബ് വംശജരടങ്ങുന്ന പതിനഞ്ചംഗ സംഘമാണ് പുലർച്ചെ ഫ്ലാറ്റിലേക്ക് അതിക്രമിച്ചു കയറിയത്. പട്ടാമ്പി സ്വദേശികളായ ഇസ്മായിൽ, മുസ്തഫ, കണ്ണൂർ സ്വദേശികളായ അസ്ലം, അനീഷ്, ശിബിൽ, അബ്ദുൽ വഹാബ്, മുസ്തഫ ബ്ലാത്തൂർ, ശംസീർ പെരുവളത്തുപറമ്പ്, ഹാരിസ് ബ്ലാത്തൂർ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഫ്ലാറ്റിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്ന് ആറ് ലക്ഷം റിയാലിന്റെ സിഗരറ്റും മൂന്ന് ലക്ഷം റിയാൽ പണവും കൂടാതെ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും സംഘം കവർന്നു.

സംഭവത്തിൽ റിയാദ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശംസീറും ഹാരിസും തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങി. കവർച്ച നടത്തിയ വാഹനങ്ങൾ പിന്നീട് ജിപിഎസ് വഴി കണ്ടെത്തിയതായും ഏതാനും പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.

 

വളരെ പുതിയ വളരെ പഴയ