ദുബായ്/അബുദാബി: യുഎഇയുടെ പൊതുഗതാഗത രംഗത്ത് ചരിത്രപരമായ മുന്നേറ്റം കുറിച്ചുകൊണ്ട് ഇത്തിഹാദ് റെയിലിന്റെ ദുബായ്–അബുദാബി പാസഞ്ചർ ട്രെയിൻ സർവീസിന് തുടക്കമായി. ദുബായിലെ അൽ യലായീസ് സ്റ്റേഷനിൽ നിന്ന് രാവിലെ 6.14നാണ് ആദ്യ ട്രെയിൻ അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിലേക്ക് സർവീസ് നടത്തിയത്. തുടർന്ന് 7.14ന് രണ്ടാമത്തെ സർവീസും പുറപ്പെട്ടു. ഇതിനൊപ്പം ഷാർജയിലെ അൽ ദൈദ് സ്റ്റേഷനിൽ നിന്ന് ഫുജൈറയിലേക്കുള്ള സർവീസും ആരംഭിച്ചിട്ടുണ്ട്.
ദേശീയ പതാകയുടെ നിറങ്ങളും സന്ദേശങ്ങളും ഉൾപ്പെടുത്തിയാണ് ആദ്യ ട്രെയിൻ അലങ്കരിച്ചിരുന്നത്. പുലർച്ചെ മുതൽ തന്നെ സ്റ്റേഷനുകളിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. യാത്രക്കാർക്കായി വിപുലമായ സ്വീകരണ സൗകര്യങ്ങളും പരമ്പരാഗത വിഭവങ്ങളും സ്റ്റേഷനിൽ സജ്ജീകരിച്ചിരുന്നു.
ദുബായ്–അബുദാബി റൂട്ടിൽ കംഫർട്ട് ക്ലാസ് ടിക്കറ്റുകൾ 39 ദിർഹം മുതലും പ്രീമിയം ടിക്കറ്റുകൾ 109 ദിർഹം മുതലും ലഭ്യമാണ്. ആദ്യദിന ടിക്കറ്റുകൾ മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്നു. സ്റ്റേഷനിൽ എത്തുന്നവർക്കായി പെയ്ഡ് പാർക്കിങ്, ഷട്ടിൽ സർവീസ് എന്നിവയും ഒരുക്കിയിട്ടുണ്ട്. യുഎഇയിൽ ലക്ഷ്യമിട്ടിട്ടുള്ള 11 റെയിൽവേ സ്റ്റേഷനുകളിൽ നാലെണ്ണമാണ് ഇതോടെ പ്രവർത്തനസജ്ജമായത്.
