ഹോർമുസ് പ്രതിസന്ധി: എൽഎൻജി വിതരണത്തിന് ബദൽ മാർഗങ്ങൾ തേടി ഗൾഫ് രാജ്യങ്ങൾ; കടലിൽ വെച്ച് ചരക്ക് മാറ്റി കയറ്റി


സിംഗപ്പൂർ: ഹോർമുസ് കടലിടുക്കിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എണ്ണയും പ്രകൃതിവാതകവും സുരക്ഷിതമായി എത്തിക്കാൻ ഗൾഫ് രാജ്യങ്ങൾ ബദൽ മാർഗങ്ങൾ തേടുന്നു. ഇതിന്റെ ഭാഗമായി ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (എൽഎൻജി) ചരക്കുകൾ കടലിൽ വെച്ച് മറ്റ് കപ്പലുകളിലേക്ക് മാറ്റിയതായി (Ship-to-Ship Transfer) പ്രമുഖ കപ്പൽ ഗതാഗത നിരീക്ഷണ സ്ഥാപനങ്ങളായ വോർടെക്സയും കെപ്ലറും വെളിപ്പെടുത്തി.
ഇന്ത്യയിലേക്കും ജപ്പാനിലേക്കും കൊണ്ടുപോകേണ്ടിയിരുന്ന മൂന്ന് എൽഎൻജി കാർഗോകളാണ് കഴിഞ്ഞ ആഴ്ചകളിൽ ഹോർമുസിന് പുറത്തുവെച്ച് ഇത്തരത്തിൽ മറ്റ് കപ്പലുകളിലേക്ക് മാറ്റിയത്. അസംസ്‌കൃത എണ്ണ കടലിൽ വെച്ച് കൈമാറുന്നത് പതിവാണെങ്കിലും എൽഎൻജി ഇത്തരത്തിൽ നേരിട്ട് മാറ്റി കയറ്റുന്നത് അപൂർവ നടപടിയാണ്.
ജൂലൈ 31-ന് ഖത്തറിലെ റാസ് ലഫാൻ ടെർമിനലിൽ നിന്ന് പുറപ്പെട്ട 'ഗ്യാസ്ലോഗ് ഷാങ്ഹായ്' എന്ന കപ്പൽ ഹോർമുസ് കടലിടുക്കിൽ വെച്ച് സുരക്ഷാ ഭീഷണി നേരിട്ടിരുന്നു. തുടർന്ന് ഓഗസ്റ്റ് അവസാനത്തോടെ ഈ കപ്പൽ ഒമാൻ തീരത്ത് വെച്ച് 'ഗ്യാസ്ലോഗ് സവന്ന' എന്ന കപ്പലിലേക്ക് എൽഎൻജി വിജയകരമായി കൈമാറുകയായിരുന്നു. ഗ്രീക്ക് ഷിപ്പിംഗ് കമ്പനിയായ 'ഗ്യാസ്ലോഗ്' ആണ് ഈ രണ്ട് കപ്പലുകളും നിയന്ത്രിക്കുന്നത്. അതേസമയം, വിഷയത്തിൽ ഖത്തർ എനർജിയോ ഗ്യാസ്ലോഗോ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.
വളരെ പുതിയ വളരെ പഴയ