റിയാദിലെ സുലൈയിൽ മലയാളി ഡ്രൈവറെ മർദ്ദിച്ച് കാറും പണവും മൊബൈൽ ഫോണും കവർന്നതായി പരാതി. ബത്ഹയിൽ നിന്ന് ട്രിപ്പ് വിളിച്ചുകൊണ്ടുപോയ സംഘമാണ് മലയാളി ഡ്രൈവറായ ഷമീറിനെ ആക്രമിച്ച് കാറുമായി കടന്നുകളഞ്ഞത്.
സുലൈയിലെ ഇസ്തംബുൾ സ്ട്രീറ്റിലെ ആളൊഴിഞ്ഞ ഭാഗത്ത് വെച്ചാണ് ഷമീറിന് മർദ്ദനമേറ്റത്. മർദ്ദിച്ച് പുറത്തിറക്കിയ ശേഷം പണവും മൊബൈൽ ഫോണും കൈക്കലാക്കിയ സംഘം കാറുമായി കടന്നുകളയുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഡ്രൈവർ പോലീസിൽ പരാതി നൽകി. 2058 നമ്പർ വാഹനത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ 0539009865 എന്ന നമ്പറിൽ അറിയിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.
വിദേശികളായ ടാക്സി ഡ്രൈവർമാരെ കേന്ദ്രീകരിച്ച് ഇത്തരം കൊള്ളസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. മുൻപും സമാനമായ രീതിയിൽ മലയാളി ഡ്രൈവർ ആക്രമിക്കപ്പെടുകയും വാഹനം കവരുകയും ചെയ്തിരുന്നു. അപരിചിതരും സംശയമുള്ളവരുമായ ആളുകളുമായി ട്രിപ്പ് പോകുമ്പോൾ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
