സൗദി അറേബ്യയിലെ റിയാദിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ സ്വദേശിയായ ഡ്രൈവർക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശി മുഹമ്മദ് ആസിഫ് (53) ആണ് മരിച്ചത്. റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റാനുള്ള ശ്രമങ്ങൾക്കിടെ നിയന്ത്രണം വിട്ടുവന്ന മറ്റൊരു കാർ ഇദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി അമീർ തുർക്കി അൽ അവ്വൽ റോഡിലായിരുന്നു സംഭവം. അപകടസമയത്ത് കൂടെയുണ്ടായിരുന്ന സഹയാത്രികൻ യാസർ അറഫാത്ത് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ മൃതദേഹം ബുധനാഴ്ച വിമാനമാർഗ്ഗം നാട്ടിലേക്ക് കൊണ്ടുപോകും. റിയാദ് കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരിയുടെ മേൽനോട്ടത്തിൽ ഇന്ത്യൻ എംബസി, റിയാദ് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്, ആശുപത്രി എന്നിവിടങ്ങളിലെ നിയമനടപടികൾ പൂർത്തിയാക്കി. വെൽഫെയർ വിങ് വളണ്ടിയർമാരായ ജുനൈദ് താനൂർ, നസീർ കണ്ണീരി, പരേതന്റെ സഹോദരൻ കാശിഫ് അഹമ്മദ് എന്നിവർ നടപടികൾ ഏകോപിപ്പിച്ചു.
