നേപ്പാളിൽ ദുരന്തം വിതച്ച് 9 ദിവസങ്ങൾക്ക് ശേഷം തുരങ്കത്തിൽ നിന്ന് രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി


കാഠ്മണ്ഡു: പ്രകൃതിദുരന്തം വൻ നാശം വിതച്ച നേപ്പാളിൽ ഒൻപത് ദിവസങ്ങൾക്ക് ശേഷം രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി. നേപ്പാളിലെ രസുവ ജില്ലയിലുള്ള ത്രിശൂലി 3എ ഹൈഡ്രോപവർ സ്റ്റേഷനിലെ തുരങ്കത്തിൽ നിന്നാണ് രണ്ടു തൊഴിലാളികളെ രക്ഷാപ്രവർത്തകർ പുറത്തെടുത്തത്.

തുരങ്കത്തിനുള്ളിൽ നിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. മെക്കാനിക്കൽ ഫോർമാൻ സഞ്ജയ് സാഹ്, മെക്കാനിക്കൽ സൂപ്പർവൈസർ കബീർ മഹാർജൻ എന്നിവരാണ് രക്ഷപ്പെട്ടതെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ എൻജിനീയറും രാഷ്ട്രസ്വതന്ത്ര പാർട്ടി ജനപ്രതിനിധിയുമായ ശ്രീ രാം നൗപാനെ സ്ഥിരീകരിച്ചു.

ഓഗസ്റ്റ് 26-ന് ഉണ്ടായ ദുരന്തത്തിന് ശേഷം ത്രിശൂലി 3എ പ്ലാന്റിൽ നിന്ന് ഇതുവരെ 40 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, രാജ്യത്തെ മറ്റ് ആറോളം ഹൈഡ്രോപവർ പ്ലാന്റുകളിലായി തൊണ്ണൂറിലധികം തൊഴിലാളികളെക്കുറിച്ച് ഇപ്പോഴും വിവരമില്ല. നേപ്പാൾ സൈന്യത്തിന്റെയും ആംഡ് പോലീസ് ഫോഴ്സിന്റെയും നേതൃത്വത്തിൽ തുരങ്കങ്ങൾ കേന്ദ്രീകരിച്ചുള്ള രക്ഷാപ്രവർത്തനം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ