ഹോർമുസ് കടലിടുക്കിൽ വച്ച് അമേരിക്കൻ സൈന്യത്തിന്റെ ആധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനിയൻ നാവികസേന അവകാശപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങളും ഇറാൻ പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ മേഖലയിൽ പറന്ന യുഎസിന്റെ എംക്യു 9 ഡ്രോൺ വെടിവച്ചിട്ടതായും ഇറാനിയൻ റവല്യൂഷനറി ഗാർഡ് അറിയിച്ചു.
അതേസമയം, സർവേ നടത്തുന്നതിനിടെ തങ്ങളുടെ അന്തർവാഹിനി ഡ്രോൺ തകരാറിലായതായി യുഎസ് സൈന്യം വ്യക്തമാക്കി. ഇറാൻ പിടിച്ചെടുത്തത് ഈ ഡ്രോൺ തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇത് പഴയൊരു മോഡലാണെന്നും തന്ത്രപ്രധാന ആയുധങ്ങൾ ഒന്നും ഇതിൽ ഉണ്ടായിരുന്നില്ലെന്നും പെന്റഗൺ വിശദീകരിച്ചു. യുഎസ് യുദ്ധക്കപ്പലിന് നേരെ ഉണ്ടായ ആക്രമണങ്ങൾക്ക് മറുപടിയായി അഞ്ച് ഇറാനിയൻ ക്രൂഡ് ഓയിൽ ടാങ്കറുകൾ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡും അവകാശപ്പെട്ടു.
