തെഹ്റാൻ: പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ സൃഷ്ടിച്ചുകൊണ്ട് അമേരിക്കയും ഇറാനും തമ്മിൽ അതിരൂക്ഷമായ സൈനിക ഏറ്റുമുട്ടൽ. രണ്ട് അമേരിക്കൻ പടക്കപ്പലുകളും എട്ട് എണ്ണ ടാങ്കറുകളും ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. അഞ്ച് ഇറാനിയൻ കപ്പലുകൾ അമേരിക്കൻ സേന തകർത്തതിന് പിന്നാലെ ജോർദാനിലെ യു.എസ് സൈനിക താവളത്തിലേക്ക് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് (ഐ.ആർ.ജി.സി) പ്രത്യാക്രമണം നടത്തി.
ഒമാൻ ഉൾക്കടലിൽ നാല് എണ്ണക്കപ്പലുകളും ഖാർഗ് ദ്വീപിൽ ഒരു എണ്ണക്കപ്പലുമാണ് അമേരിക്കൻ സേന തകർത്തത്. ഇറാൻ അമേരിക്കൻ പടക്കപ്പൽ ആക്രമിച്ചതിനുള്ള പ്രതികാര നടപടിയാണ് ഇതെന്ന് യു.എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. അതിനിടെ, കുവൈറ്റ്, ബഹ്റൈൻ തുറമുഖങ്ങൾക്ക് സമീപമുള്ള എണ്ണ ടാങ്കറുകൾ ആക്രമിക്കുമെന്നും കപ്പലുകളിലെ ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിക്കണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്കൻ പിന്തുണയോടെ ബദൽ കപ്പൽ ചാലുകളിലൂടെ പോയ 10 കപ്പലുകൾക്ക് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്.
അതേസമയം, സൗദിയുടെ നാല് നഗരങ്ങളിൽ ഹൂതികൾ ആക്രമണം നടത്തിയതിന് പിന്നാലെ യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ സൗദിയും യെമൻ സർക്കാർ സേനയും പ്രത്യാക്രമണം ആരംഭിച്ചു. നയതന്ത്ര തലത്തിൽ സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി 27 ഇറാനിയൻ എയർലൈനുകൾക്കും ഇറാന്റെ വ്യോമയാന മേഖലയെ പിന്തുണയ്ക്കുന്ന 36 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ യു.എസ് ട്രഷറി വകുപ്പ് ഉപരോധം ഏർപ്പെടുത്തി. സംഘർഷം രൂക്ഷമായതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുകയാണ്. ബാരലിന് 99.49 ഡോളർ എന്ന നിലയിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്.
