ഖത്തറിൽ സ്കൂൾ ജീവനക്കാർ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണം: വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

 


ദോഹ: പൊതുവിദ്യാലയങ്ങളിലെ ജീവനക്കാർ തങ്ങളുടെ പെരുമാറ്റച്ചട്ടം (Code of Ethics) കർശനമായി പാലിക്കണമെന്നും വിദ്യാർത്ഥികളെ ഏതെങ്കിലും തരത്തിൽ ശിക്ഷിക്കുന്നത് വിലക്കിക്കൊണ്ടുള്ള നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഓർമിപ്പിച്ചു. പൊതുവിദ്യാലയങ്ങളിലെ പ്രിൻസിപ്പൽമാർക്കായി സ്കൂൾ-വിദ്യാർത്ഥി കാര്യ വിഭാഗം പുറപ്പെടുവിച്ച സർക്കുലറിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

​വിദ്യാർത്ഥികളുടെ അന്തസ്സ്, മാനസിക-ശാരീരിക ആരോഗ്യം എന്നിവ സംരക്ഷിക്കാൻ ജീവനക്കാർ ചട്ടങ്ങൾ പാലിക്കുന്നതിനൊപ്പം ശരിയായ മൂല്യങ്ങളും തൊഴിൽപരവും വിദ്യാഭ്യാസപരവുമായ രീതികളും പാലിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ശാരീരികമോ വാക്കാലുള്ളതോ മാനസികമോ ആയ ശിക്ഷകൾ ഉൾപ്പെടെയുള്ള എല്ലാത്തരം ശിക്ഷാ നടപടികളും നിയമപ്രകാരം വിലക്കിയിട്ടുണ്ട്. വിദ്യാർത്ഥികളെയും അവരുടെ പഠനാന്തരീക്ഷത്തെയും പ്രതികൂലമായി ബാധിക്കുന്ന മറ്റ് എല്ലാത്തരം മോശം പെരുമാറ്റങ്ങളും കർശനമായി നിരോധിച്ചിട്ടുണ്ട്.

​വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന പെരുമാറ്റപരമായ വീഴ്ചകളെ ചട്ടങ്ങൾ അനുസരിച്ച് മാത്രം കൈകാര്യം ചെയ്യണം. ചട്ടങ്ങളും നയങ്ങളും ലംഘിച്ചുകൊണ്ടുള്ള ശിക്ഷാനടപടികൾക്ക് ജീവനക്കാർ തന്നെ ഉത്തരവാദികളായിരിക്കും. അതേസമയം, വിദ്യാഭ്യാസ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനും വിദ്യാർത്ഥികൾക്ക് സുരക്ഷിതവും അനുകൂലവുമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനുമായി നടത്തുന്ന ശ്രമങ്ങളെ മന്ത്രാലയം അഭിനന്ദിക്കുകയും ചെയ്തു.


വളരെ പുതിയ വളരെ പഴയ