ദുബൈ സ്വകാര്യ സ്കൂളുകളിൽ 18,000 കുറഞ്ഞ ഫീസ് സീറ്റുകൾ കൂടി വരുന്നു; വിദ്യാർഥികളുടെ എണ്ണം നാല് ലക്ഷം കടന്നു

 


ദുബൈ: സാധാരണക്കാരായ കുടുംബങ്ങൾക്ക് മിതമായ നിരക്കിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി ദുബൈയിലെ സ്വകാര്യ സ്കൂളുകളിൽ അടുത്ത രണ്ട് അധ്യയന വർഷങ്ങളിലായി 18,000 കുറഞ്ഞ ഫീസ് സീറ്റുകൾ കൂടി ലഭ്യമാക്കുന്നു. ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് (KHDA) മാധ്യമ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ വിദ്യാഭ്യാസ രംഗത്തെ പുതിയ വികസന പദ്ധതികൾ പ്രഖ്യാപിച്ചത്.

സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ സ്വകാര്യ സ്കൂളുകളിൽ ആകെ 4,06,563 വിദ്യാർഥികൾ പ്രവേശനം നേടി. കഴിഞ്ഞ ജൂണിലെ കണക്കുകളുമായി (3,88,731) താരതമ്യം ചെയ്യുമ്പോൾ 4.6 ശതമാനത്തിന്റെ വർധനവാണിത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 51 പുതിയ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ദുബൈയിൽ പ്രവർത്തനം ആരംഭിച്ചത്. ഈ വർഷം മാത്രം ഏഴ് പുതിയ സ്കൂളുകൾ, 17 ഏർലി ചൈൽഡ്ഹുഡ് സെന്ററുകൾ, രണ്ട് അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെ 26 കേന്ദ്രങ്ങൾ തുറന്നു. പുതിയ സ്കൂളുകളിലൂടെ മാത്രം 17,000-ത്തോളം പുതിയ സീറ്റുകളാണ് ലഭ്യമായത്.

ദുബൈ എജ്യൂക്കേഷൻ 33 പദ്ധതിയുടെ പുരോഗതിയും ചടങ്ങിൽ വിശദീകരിച്ചു. കുറഞ്ഞ ചെലവിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം സ്വദേശി വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്തുക, അറബി ഭാഷയും സാംസ്കാരിക സ്വത്വവും ശക്തിപ്പെടുത്തുക, രക്ഷിതാക്കളെ ശാക്തീകരിക്കുക എന്നിവയാണ് മുൻഗണനകളെന്ന് കെഎച്ച്ഡിഎ ഡയറക്ടർ ജനറൽ ആഇശ മിറാൻ വ്യക്തമാക്കി. വിദ്യാഭ്യാസ നയരൂപീകരണത്തിൽ പങ്കാളികളാക്കാൻ വിദ്യാർഥി കൗൺസിലിന് പുറമെ ആദ്യമായി ദുബൈ രക്ഷിതാക്കളുടെ കൗൺസിലും അധ്യാപകരുടെ കൗൺസിലും ഈ അധ്യയന വർഷം രൂപവത്കരിക്കുമെന്നും അധികൃതർ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ആഗോള പ്രശസ്തമായ പെക്കിംഗ് യൂണിവേഴ്സിറ്റി, എച്ച്എസ്ബിസി ബിസിനസ് സ്കൂൾ, അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ബെയ്റൂട്ട് എന്നിവയുടെ കാമ്പസുകളും ദുബൈയിൽ പ്രവർത്തനം ആരംഭിക്കുകയാണ്. 

വളരെ പുതിയ വളരെ പഴയ