ഷാർജ: ഷാർജയിലെ സർക്കാർ ജീവനക്കാർക്കും എമിറേറ്റിലെ സർവകലാശാലകളിലെ ജീവനക്കാർക്കും അടുത്ത ബന്ധുക്കളുടെ വിയോഗത്തിൽ എട്ട് ദിവസം വരെ വിയോഗ അവധി ( bereavement leave ) അനുവദിച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു.
യുഎഇക്കകത്താണ് മരണം സംഭവിക്കുന്നതെങ്കിൽ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ അവധി ലഭിക്കുമെന്ന് ഷാർജ മാനവവിഭവശേഷി വകുപ്പ് ചെയർമാൻ അബ്ദുല്ല ഇബ്റാഹിം അൽ സഅബി അറിയിച്ചു. യുഎഇക്ക് പുറത്താണ് മരണമെങ്കിൽ യാത്രയ്ക്കും മറ്റ് അനുബന്ധ കാര്യങ്ങൾക്കുമായി ജീവനക്കാർക്ക് എട്ട് ദിവസത്തെ അവധിക്ക് അർഹതയുണ്ടായിരിക്കും.
മാതാപിതാക്കൾ, മുത്തശ്ശൻ, മുത്തശ്ശി, മക്കൾ, കൊച്ചുമക്കൾ, പങ്കാളി, സഹോദരങ്ങൾ, അനന്തരവന്മാർ, അനന്തരവൾമാർ, അമ്മാവന്മാർ, അമ്മായിമാർ തുടങ്ങിയ അടുത്ത ബന്ധുക്കളുടെ വിയോഗത്തിനാണ് ഈ പുതുക്കിയ അവധി ആനുകൂല്യം ലഭിക്കുക. ദുഃഖസാഹചര്യങ്ങളിൽ ജീവനക്കാർക്ക് കുടുംബത്തോടൊപ്പം നിൽക്കാൻ ആവശ്യമായ പിന്തുണ നൽകുന്നതിനും കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനുമാണ് ഭരണാധികാരിയുടെ ഈ മാനുഷിക നടപടി. ഷാർജ സർക്കാർ വകുപ്പുകളിലെയും എമിറേറ്റിലെ സർവകലാശാലകളിലെയും ജീവനക്കാർക്ക് പുതിയ ഉത്തരവ് ബാധകമാണ്.
