കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി എഞ്ചിനീയർമാരുടെയും കുടുംബങ്ങളുടെയും കൂട്ടായ്മയായ കുവൈത്ത് എഞ്ചിനീയേഴ്‌സ് ഫോറം (കെ. ഇ. എഫ്.) സംഘടിപ്പിച്ച 'വിസ്മയം 26' വർണ്ണാഭമായ പരിപാടികളോടെ അഹമ്മദി FAIPS-DPS ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ആയിരത്തി ഇരുന്നൂറോളം എഞ്ചിനീയർമാരും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
കുവൈത്തിലെ നിലവിലെ പ്രാദേശിക സാഹചര്യങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കായി ഒരു മിനിറ്റ് മൗനം ആചരിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്. എട്ട് ഘടക എഞ്ചിനീയറിംഗ് കോളേജ് അലുമ്‌നൈ അസോസിയേഷനുകളുടെ പ്രസിഡന്റുമാരും ഭാരവാഹികളും ചേർന്ന് ഭദ്രദീപം കൊളുത്തി. ജനറൽ കൺവീനർ ഗംഗാ പ്രസാദ് ടി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എക്സ്-ഓഫീഷ്യോ ഹനാൻ ഷാൻ സ്വാഗതമാശംസിച്ചു.
ചടങ്ങിന്റെ ഭാഗമായി കെ. ഇ. എഫ്. ഡയറക്ടറി 2026-ന്റെ പ്രകാശനവും കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള 'കെ. ഇ. എഫ്. ചിൽഡ്രൻസ് ക്ലബ്ബ്' ഉദ്ഘാടനവും നടന്നു. ക്ലബ്ബ് പ്രസിഡന്റ് ജോ ജോഷ്വാ ലിജോ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ഡിസംബർ 10-ന് റാഡിസൺ ബ്ലൂ ഹോട്ടലിൽ വെച്ച് നടക്കാനിരിക്കുന്ന 'KINETIC 2026' ഇൻഡസ്ട്രിയൽ എക്‌സിബിഷൻ & ടെക്‌നിക്കൽ കോൺഫറൻസിന്റെ പ്രൊമോഷണൽ വീഡിയോയും ബാനറും ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്‌സ് (ഇന്ത്യ) ചെയർമാൻ കാർത്തികേയൻ ഇളങ്കോവന്റെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു. വേൾഡ് കപ്പ് പ്രെഡിക്ഷൻ മത്സരം, റാഫിൾ കൂപ്പൺ നറുക്കെടുപ്പ് എന്നിവയിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
പ്രശസ്ത മെന്റലിസ്റ്റ് ആതി ആദ്യമായി കുവൈത്തിൽ അവതരിപ്പിച്ച 'ഇൻസോംനിയ' ലൈവ് സ്റ്റേജ് ഷോ പരിപാടിയുടെ പ്രധാന ആകർഷണമായി. ജനറൽ കൺവീനർ ഗംഗാ പ്രസാദ് ടി., ജി. സി. ഡിസിഗ്നേറ്റ് ബിജു കെ. ആർ., ഹനാൻ ഷാൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളും സന്നദ്ധപ്രവർത്തകരും ചേർന്നാണ് പരിപാടി വിജയകരമായി സംഘടിപ്പിച്ചത്.
