ആ മഹാമാരി വീണ്ടും തിരിച്ചുവരുമോ? റഷ്യയിൽ ലാബ് ജീവനക്കാരൻ പ്ലേഗ് ബാധിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ തേടി ലോകാരോഗ്യ സംഘടന


റഷ്യയിലെ ആന്റി-പ്ലേഗ് ഗവേഷണ സ്ഥാപനത്തിലെ ജീവനക്കാരന്റെ മരണത്തെക്കുറിച്ചും സമാന ലക്ഷണങ്ങളോടെ രണ്ടാമതൊരു ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിലും റഷ്യയോട് കൂടുതൽ വിവരങ്ങൾ തേടി ലോകാരോഗ്യ സംഘടന. പൊതുജനാരോഗ്യപരമായ അപകടസാധ്യതകൾ കൃത്യമായി വിലയിരുത്താൻ റഷ്യൻ അധികൃതരുടെ ഭാഗത്തുനിന്ന് പൂർണ്ണമായ സുതാര്യത അനിവാര്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി.

റഷ്യയിലെ ഇർകുത്സ്ക് ആന്റി-പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരനാണ് കടുത്ത ന്യൂമോണിയയെ തുടർന്ന് മരിച്ചത്. ലബോറട്ടറിയിൽ വെച്ചുണ്ടായ അപ്രതീക്ഷിത സമ്പർക്കത്തെ തുടർന്ന് ഇയാൾക്ക് ന്യൂമോണിക് പ്ലേഗ് ബാധിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തെക്കുറിച്ച് അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങൾ പ്രകാരം ലോകാരോഗ്യ സംഘടന റഷ്യയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര തലത്തിൽ ഭീഷണിയായേക്കാവുന്ന ആരോഗ്യ അടിയന്തര സാഹചര്യങ്ങളിൽ വിവരങ്ങൾ കൈമാറാൻ രാജ്യങ്ങൾക്ക് ബാധ്യതയുണ്ട്. റഷ്യ മറുപടി നൽകിയെങ്കിലും രോഗത്തിന് കാരണമായ രോഗകാരിയെക്കുറിച്ചും കടുത്ത ന്യൂമോണിയ ബാധിച്ച് ചികിത്സയിലുള്ള രണ്ടാമത്തെ ജീവനക്കാരനെക്കുറിച്ചും കൂടുതൽ വ്യക്തത വേണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.

നിലവിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇർകുറ്റ്‌സ്ക് മേഖലയിൽ ആരോഗ്യ അപകടസാധ്യത കുറഞ്ഞതോ മിതമായതോ ആയ തോതിലാണ്. റഷ്യയിൽ മൊത്തത്തിൽ കുറഞ്ഞ തോതിലും യൂറോപ്പിൽ വളരെ കുറഞ്ഞ തോതിലുമാണ് അപകടസാധ്യത കണക്കാക്കുന്നത്. ആവശ്യമാണെങ്കിൽ റഷ്യയ്ക്ക് സാങ്കേതിക സഹായം നൽകാൻ തയ്യാറാണെന്നും അന്താരാഷ്ട്ര സഹകരണം അത്യന്താപേക്ഷിതമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ