സെലിബ്രിറ്റി ആയാലും ഇൻഫ്ലുവൻസർമാരായാലും പരസ്യം ചെയ്യണേല്‍ ലൈസൻസ് നിര്‍ബന്ധം: കുവൈത്ത് മന്ത്രാലയം


കുവൈത്ത് സിറ്റി: സെലിബ്രിറ്റികളുടെയും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർമാരുടെയും പരസ്യങ്ങള്‍ നിയന്ത്രിക്കാൻ പുതിയ മാധ്യമ നിയമം ഉടൻ കൊണ്ടുവരുമെന്ന് ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു.

സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി പരസ്യം ചെയ്യുന്നതിന് സെലിബ്രിറ്റികള്‍ക്കും ഇൻഫ്ലുവൻസർമാർക്കും ഇൻഫർമേഷൻ, കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി മന്ത്രാലയങ്ങളില്‍ നിന്ന് ലൈസൻസ് നിർബന്ധമാക്കും.

പുതിയ മാധ്യമ നിയമത്തിന്റെ കരട് അന്തിമ ഘട്ടത്തിലാണെന്നും ഉടൻ തന്നെ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കുമെന്നും വിശ്വസനീയമായ വൃത്തങ്ങള്‍ പറഞ്ഞു. 

പുതിയ മാധ്യമ നിയമത്തില്‍ പരസ്യത്തിന്റെ രീതിയും സെലിബ്രിറ്റികള്‍ക്കും ഇൻഫ്ലുവൻസർമാർക്കും ലൈസൻസ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകളും സംബന്ധിച്ച്‌ രണ്ട് അധ്യായങ്ങളുണ്ട്.

സെലിബ്രിറ്റികളുടെയും കോർപ്പറേറ്റ് പരസ്യങ്ങളുടെയും കാര്യത്തില്‍ മന്ത്രാലയത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഉപഭോക്തൃ അവകാശങ്ങളെ ബാധിക്കാതെ, എല്ലാവരെയും നിയമപരവും വാണിജ്യപരവുമായ വ്യവസ്ഥകള്‍ക്ക് വിധേയരാക്കി ഉത്തരവാദിത്തമുള്ളവരാക്കി മാറ്റും. 

പരസ്യങ്ങള്‍ നല്‍കുന്ന ഇൻഫ്ലുവൻസർമാർ, സെലിബ്രിറ്റികള്‍, കമ്പനികള്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇൻഫർമേഷൻ മന്ത്രാലയം പരിശോധിക്കണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശങ്ങളിലൊന്ന്.

 ഇതിനായി ഇൻഫർമേഷൻ, കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി മന്ത്രാലയങ്ങള്‍ സംയുക്തമായി പ്രവർത്തിക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ഉദാഹരണമായി, മരുന്നുകള്‍ പരസ്യം ചെയ്യുന്നവർക്ക് ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് ലൈസൻസ് ഉണ്ടെന്ന് ഉറപ്പാക്കണം. 

അതു പോലെ, റിയല്‍ എസ്റ്റേറ്റ് പ്രദർശനങ്ങള്‍ സംഘടിപ്പിക്കുന്നവർ പരസ്യം ചെയ്യുന്നതിന് മുൻപ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി മന്ത്രാലയത്തില്‍ നിന്ന് ഔദ്യോഗിക ചാനലുകള്‍ വഴി ലൈസൻസ് നേടണം.

 ചില സെലിബ്രിറ്റികളുടെയും ഇൻഫ്ലുവൻസർമാരുടെയും പരസ്യങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്ന ഉള്ളടക്കം കാരണം കോടതി കേസുകള്‍ക്ക് കാരണമായിട്ടുണ്ടെന്നും, ഇത് നിരവധി ഉപഭോക്താക്കള്‍ തട്ടിപ്പിന് ഇരയാകാൻ കാരണമായെന്നും വൃത്തങ്ങള്‍ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ