കുവൈത്ത്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഇറാൻ ആക്രമിച്ചു. ജീവനക്കാർക്ക് പരിക്കേറ്റതായാണ് ഇവിടെ നിന്ന് ലഭിക്കുന്ന വിവരം. എത്ര പേർക്ക് പരിക്കേറ്റു എന്നടക്കം വിശദമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
എന്നാൽ ആക്രമണം നടന്നതായി കുവൈത്ത് അറിയിക്കുന്നുണ്ട്. ഡ്രോൺ ആക്രമണം നടന്നതായാണ് കുവൈത്ത് അറിയിക്കുന്നത്. ജീവനക്കാർക്കേറ്റ പരിക്ക് സാരമുള്ളതല്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
ഇറാൻ്റെ ഭാഗത്ത് നിന്ന് റിയാദിലും കിഴക്കൻ മേഖലയിലും നടന്ന ആക്രമണത്തിന് ന്യായീകരണമില്ലെന്ന് സൗദി അറേബ്യ കുറ്റപ്പെടുത്തി. യുഎഇയിലും ആക്രമണം തുടരുകയാണ്. ദുബായിൽ വീണ്ടും സ്ഫോടന ശബ്ദം കേട്ടു. നിരന്തരം സ്ഫോടനങ്ങൾ നടന്നു കൊണ്ടിരിക്കുന്നതായാണ് പ്രവാസികളിൽ നിന്നും ലഭിക്കുന്ന വിവരം.
ഇത് മിസൈലുകളെ പ്രതിരോധിക്കുന്നതാകാൻ സാധ്യതയുണ്ട്. യുഎഇയിൽ തുടർച്ചയായി ആക്രമണം നടക്കുന്നതായാണ് വിവരം. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമില്ല. പരിഭ്രാന്തി വേണ്ടെന്ന് യുഎഇ അധികൃതർ പറയുന്നു. അനാവശ്യമായി സാധനങ്ങൾ വാങ്ങി കൂട്ടേണ്ടതില്ലെന്നും നിർദേശമുണ്ട്.
അതിനിടെ അമേരിക്കൻ പടക്കപ്പലുകൾ പേർഷ്യൻ ഗൾഫ് വിട്ടുവെന്ന് ഇറാൻ അവകാശപ്പെട്ടു. അമേരിക്ക പിൻവാങ്ങുന്നുവെന്നാണ് ടെഹറാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഒമാൻ കടലിലേക്കും ഇന്ത്യൻ മഹാസമുദ്രത്തിന്റെ സൗത്ത് -ഈസ്റ്റ് മേഖലയിലേക്കും അമേരിക്കൻ പടക്കപ്പലുകൾ പിന്മാറിയെന്നാണ് റിപ്പോർട്ട്.

