header-ad

കളഞ്ഞ് പോയ സാധനം തിരിച്ചു കിട്ടിയത് ഒരുമണിക്കൂറിനുള്ളില്‍: മാതൃകയായി ദുബായ് പൊലീസ്

 


ദുബായ്: ടാക്സിയില്‍ വച്ച്‌ മറന്ന പഴ്സ് മണിക്കൂറുകള്‍ക്കകം ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായി ദുബായ് പൊലീസ്.

ലഖ്‌നൗ സ്വദേശിയായ അലോക് തിവാരിയെന്ന പ്രവാസിക്കാണ് അപൂർവ്വ അനുഭവം ഉണ്ടായത്. പരാതി പോലും നല്‍കാതെ ഒരു മണിക്കൂറിനുള്ളിലാണ് അലോകിന്റെ കൈയിലേക്ക് പഴ്‌സ് എത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അലോക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമായി.

'ടാക്‌സിയില്‍ യാത്ര കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ക്യാബിനില്‍ പഴ്‌സ് മറന്നുവയ്ക്കുകയായിരുന്നു. എന്നാല്‍ പരാതി നല്‍കുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നതിനിടെ ഒരു മണിക്കൂറിന് ശേഷം തന്നെ ദുബായ് പൊലീസിന്റെ ഫോണ്‍ കോള്‍ എന്നെ തേടിയെത്തി. ഡ്രൈവർ പഴ്സ് പൊലീസില്‍ ഏല്‍പ്പിച്ചതായും ഉദ്യോഗസ്ഥർ ഫോണ്‍ നമ്പർ ട്രാക്ക് ചെയ്ത് എന്നെ കണ്ടെത്തുകയുമായിരുന്നു. പഴ്സ് തിരികെ കിട്ടിയ ഉടൻ പരിശോധിച്ചപ്പോള്‍ വീണ്ടും ഞെട്ടി. അതിലുണ്ടായിരുന്ന 500 ദിർഹത്തില്‍ 20 ദിർഹം മാത്രമാണ് കുറവുണ്ടായത്. ബാക്കി തുകയും രേഖകളും കൃത്യമായിരുന്നു. ഇവിടുത്തെ നിയമവും ആള്‍ക്കാരുടെ സത്യസന്ധതയും സമ്മതിച്ചു കൊടുക്കണം' അലോക് എക്‌സില്‍ കുറിച്ചു.

എക്സില്‍ അലോക് പങ്കുവച്ച കുറിപ്പ് ഇതിനോടകം 1.5 മില്യണിലധികം ആളുകളാണ് കണ്ടത്. ദുബായിലെ ഭരണസംവിധാനത്തിന്റെ മികവാണ് ഇത്തരം നല്ല കാര്യങ്ങള്‍ സംഭവിക്കാൻ കാരണമെന്ന് ഒട്ടേറെ പേർ കമന്റില്‍ കുറിച്ചു. 'കർശനമായ നിയമങ്ങളും ശിക്ഷയെക്കുറിച്ചുള്ള ഭയവുമാണ് കുറ്റകൃത്യങ്ങള്‍ കുറയാൻ കാരണം,' ഒരാള്‍ കമന്റില്‍ കുറിച്ചു. 'സത്യസന്ധതയ്ക്ക് വിലയിടാൻ കഴിയില്ലെന്നും അത്തരം പ്രവൃത്തികള്‍ എന്നും ആദരിക്കപ്പെടണം,' മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. അതേസമയം, ഗോവയില്‍ വച്ച്‌ പഴ്സ് നഷ്ടപ്പെട്ടപ്പോള്‍ സമാനമായ രീതിയില്‍ ഇന്ത്യയിലെ പൊലീസും തന്നെ സഹായിച്ചിട്ടുണ്ടെന്ന് മറ്റൊരാള്‍ കമന്റില്‍ കുറിച്ചതും ശ്രദ്ധേയമായി.

വളരെ പുതിയ വളരെ പഴയ