രണ്ടുതവണ ഉപേക്ഷിക്കപ്പെട്ടു, രണ്ടു വര്‍ഷമായി അബോധാവസ്ഥയില്‍; യുഎഇയെ കണ്ണീരിലാഴ്ത്തി 15-കാരി ഫിലിപ്പെയ്ൻസ് പെൺകുട്ടി ഫാത്തിമ വിടപറഞ്ഞു


യുഎഇ: യുഎഇയിലെ അതിജീവനത്തിന്റെ ഹൃദയഭേദകമായ കഥയിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ ഫിലിപ്പീൻസ് പെണ്‍കുട്ടി ഫാത്തിമ (15) അന്തരിച്ചു.

അട്ടോ ഇമ്മ്യൂണ്‍ രോഗബാധയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി അബോധാവസ്ഥയിലായിരുന്ന ഫാത്തിമ, അജ്മാനിലെ വീട്ടില്‍ വെന്റിലേറ്റർ സഹായത്തോടെ കഴിയവെ ചൊവ്വാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.

ഒരു വയസ്സുള്ളപ്പോള്‍ അമ്മയാല്‍ ഉപേക്ഷിക്കപ്പെട്ട ഫാത്തിമയുടെ ജീവിതം ദുരിതപൂർണ്ണമായിരുന്നു. 

പിന്നീട് പരിചരിച്ച ദമ്പതികളും ഉപേക്ഷിച്ചതോടെ, 2018-ല്‍ പാകിസ്ഥാൻ സ്വദേശിയായ സയ്യിദ് അലി മോസാമും അദ്ദേഹത്തിന്റെ ഫിലിപ്പിനോ ഭാര്യ മുസാമയും ഫാത്തിമയെ ഏറ്റെടുക്കുകയായിരുന്നു. അന്നുമുതല്‍ സ്വന്തം മകളെപ്പോലെയാണ് ഈ ദമ്പതികള്‍ ഫാത്തിമയെ പരിചരിച്ചിരുന്നത്.

2024 ഏപ്രിലിലാണ് ഫാത്തിമയ്ക്ക് 'സബ്ക്യുട്ടേനിയസ് ലൂപ്പസ് എറിത്തമറ്റോസസ്' എന്ന ഗുരുതരമായ രോഗം കണ്ടെത്തുന്നത്. 

ഇത് തലച്ചോറിലെ എഡീമയിലേക്കും പ്ലേറ്റ്ലെറ്റുകളുടെ കുറവിലേക്കും നയിച്ചു. തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി കണ്ണുകള്‍ മാത്രം ചലിപ്പിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നു ഈ പെണ്‍കുട്ടി.

എമിറേറ്റ്സ് ഐഡിയോ താമസ വിസയോ ഇല്ലാത്തതിനാല്‍ നിയമപരമായി ദത്തെടുക്കാനോ, സ്കൂളില്‍ അയക്കാനോ, ഹെല്‍ത്ത് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനോ വളർത്തു മാതാപിതാക്കള്‍ക്ക് കഴിഞ്ഞിരുന്നില്ല. 

രേഖകളുടെ അഭാവം മൂലം ജീവകാരുണ്യ സംഘടനകളുടെ സഹായവും ലഭിച്ചില്ല. വൻ തുക വന്ന ചികിത്സാച്ചെലവുകള്‍ മോസാം സ്വന്തം പോക്കറ്റില്‍ നിന്നാണ് കണ്ടെത്തിയത്. ഇതേത്തുടർന്ന് കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിലാവുകയും വാടകക്കേസില്‍ അകപ്പെടുകയും ചെയ്തിരുന്നു.

ആരോഗ്യവതിയായിരുന്നപ്പോള്‍ യുഎഇയെയും ഇവിടുത്തെ ഭരണാധികാരികളെയും ഏറെ സ്നേഹിച്ചിരുന്ന ഫാത്തിമ വ്ളോഗുകളിലൂടെ മറ്റ് കുട്ടികള്‍ക്ക് പ്രതീക്ഷയുടെ സന്ദേശങ്ങള്‍ പങ്കുവെച്ചിരുന്നു. ഫാത്തിമയുടെ മരണവാർത്തയറിഞ്ഞ്, വർഷങ്ങളായി അകന്നുനിന്നിരുന്ന മാതാവും അജ്മാനിലെ വീട്ടിലെത്തിയിട്ടുണ്ട്.

ഫാത്തിമയുടെ മരണം സ്വാഭാവിക മരണമാണെന്ന് ഫോറൻസിക് റിപ്പോർട്ട് സ്ഥിരീകരിച്ചു. ഔദ്യോഗിക നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം യുഎഇയില്‍ തന്നെ മറവു ചെയ്യുമെന്ന് വളർത്തു പിതാവ് സയ്യിദ് അലി മോസാം അറിയിച്ചു.

വളരെ പുതിയ വളരെ പഴയ