ദുബൈ: ദുബൈയിലെ പ്രമുഖ അന്താരാഷ്ട്ര യാത്രാ വ്യവസായ മേളയായ അറേബ്യൻ ട്രാവൽ മാർക്കറ്റ് (എ ടി എം) പുതിയ തീയതികളിലേക്ക് മാറ്റിയതായി സംഘാടകർ അറിയിച്ചു. സെപ്തംബർ 14 മുതൽ 17 വരെ ദുബൈ വേൾഡ് ട്രേഡ് സെന്ററിലെ ശൈഖ് സഈദ് ഹാളുകളിലായിരിക്കും മേള നടക്കുക. പ്രദർശകരും ഈ രംഗത്തെ പ്രമുഖരുമായി നടത്തിയ വിപുലമായ ചർച്ചകൾക്ക് ശേഷമാണ് ആഗോള ബിസിനസുകളുടെയും ബയർമാരുടെയും ശക്തമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി തീയതികളിൽ മാറ്റം വരുത്തിയത്.
മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കാരണം വിമാന സർവീസുകളിലും ലോജിസ്റ്റിക്സ് രംഗത്തും ഉണ്ടായ പ്രതിഫലനങ്ങൾ മുൻനിർത്തി ഈ വർഷത്തെ പല കൺസെർട്ടുകളും പ്രദർശനങ്ങളും നേരത്തെ തന്നെ മാറ്റിവെക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തിരുന്നു. സാധാരണയായി ഏപ്രിൽ - മെയ് മാസങ്ങളിൽ നടക്കാറുള്ള അറേബ്യൻ ട്രാവൽ മാർക്കറ്റ് ഈ പ്രതിസന്ധികളെ തുടർന്നാണ് സെപ്തംബറിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്ന് ആർ എക്സ് ഗ്ലോബൽ യു എ ഇ റീജിയണൽ പോർട്ട്ഫോളിയോ ഡയറക്ടർ ഡാനിയേൽ കർട്ടിസ് പറഞ്ഞു.
ട്രാവൽ മാർക്കറ്റിന്റെ 33-ാമത് പതിപ്പാണ് ഇത്തവണ നടക്കുന്നത്. 'ട്രാവൽ 2040: ഡ്രൈവിങ് ന്യൂ ഫ്രണ്ടിയേഴ്സ് ത്രൂ ഇന്നൊവേഷൻ ആൻഡ് ടെക്നോളജി' എന്ന പ്രമേയത്തിലാണ് മേള. സാങ്കേതികവിദ്യ യാത്രാമേഖലയെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതിലായിരിക്കും പ്രധാന ശ്രദ്ധ.
വിവിധ രാജ്യങ്ങളിലെ ടൂറിസം ബോർഡുകൾ, എയർലൈനുകൾ, ഹോട്ടലുകൾ, ട്രാവൽ ടെക്നോളജി കമ്പനികൾ തുടങ്ങിയവ മേളയിൽ അണിനിരക്കും. വിദഗ്ദ്ധർ പങ്കെടുക്കുന്ന വിവിധ സെഷനുകളും ഇതോടൊപ്പം നടക്കും.
