കുവൈത്ത് സിറ്റി: കുവൈത്തില്‍ വൻതോതില്‍ മയക്കുമരുന്നും നിരോധിത ഗുളികകളും വിദേശ മദ്യവും പിടികൂടി.
മയക്കുമരുന്ന് കടത്തിനും വിപണനത്തിനുമെതിരെ സുരക്ഷാ ശക്തമാക്കുന്നതിന്‍റെ ഭാഗമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ രണ്ട് വ്യത്യസ്ത റെയ്ഡുകളില്‍ നാല് പ്രവാസികളും പിടിയിലായി.
വിപണനത്തിനും വ്യക്തിഗത ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന വൻതോതിലുള്ള മയക്കു മരുന്നുകളും നിരോധിത ഗുളികകളും വിദേശ മദ്യ ശേഖരവുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറും ജനറല്‍ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കണ്‍ട്രോളും സംയുക്തമായാണ് ഈ ഓപ്പറേഷനുകള്‍ നടത്തിയത്.
ആദ്യത്തെ റെയ്ഡില്‍ രണ്ട് പ്രതികളെയാണ് സുരക്ഷാ വിഭാഗം പിടികൂടിയത്. ഇവരില്‍ നിന്ന് വിവിധ ബ്രാൻഡുകളുടെ 207 കുപ്പി വിദേശമദ്യവും ഒരു ഗ്രാം ഹെറോയിനും കണ്ടെടുത്തു. തുടർന്ന് നടത്തിയ രണ്ടാമത്തെ ഓപ്പറേഷനിലാണ് മറ്റ് രണ്ട് പ്രതികള്‍ പിടിയിലായത്.
ഇവരില്‍ നിന്ന് ഏകദേശം രണ്ട് കിലോഗ്രാം ഹാഷിഷ്, 250 ഗ്രാം കഞ്ചാവ്, 500 ഗ്രാം മെത്താംഫെറ്റാമൈൻ, 1,500 ലിറിക്ക കാപ്സ്യൂളുകള്‍, 100 മെത്താഡോണ്‍ ഗുളികകള്‍ എന്നിവ പിടിച്ചെടുത്തു.
കൂടാതെ ലഹരി വസ്തുക്കള്‍ തൂക്കി തിട്ടപ്പെടുത്താൻ ഉപയോഗിച്ചിരുന്ന രണ്ട് ഇലക്‌ട്രോണിക് ത്രാസുകളും ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
