മസ്കത്ത്: റോയല്‍ ഒമാൻ പൊലീസിന്റെ (ROP) പേരില്‍ സോഷ്യല്‍ മീഡിയ വഴിയും ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകള്‍ വഴിയും നടക്കുന്ന വ്യാജ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആർ.ഒ.പി.
പൊലീസില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളെ കബളിപ്പിക്കുന്ന പുതിയ തട്ടിപ്പ് രീതികള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.
റോയല്‍ ഒമാൻ പൊലീസിന്റെ ഔദ്യോഗിക ലോഗോയും വിവരങ്ങളും ദുരുപയോഗം ചെയ്ത് വ്യാജ തൊഴില്‍ പരസ്യങ്ങള്‍ നല്‍കിയാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്.
ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നവരേയും വിവരങ്ങള്‍ കൈമാറുന്നവരേയും സാമ്പത്തിക തട്ടിപ്പിന് ഇരയാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ വിഭാഗം (DGICR) വ്യക്തമാക്കി.
ഓണ്‍ലൈനില്‍ പ്രചരിക്കുന്ന തൊഴില്‍ പരസ്യങ്ങളുടെ ഉറവിടം കൃത്യമായി പരിശോധിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഔദ്യോഗികമല്ലാത്ത വെബ്‌സൈറ്റുകളോ സംശയാസ്പദമായ ലിങ്കുകളോ വഴി അപേക്ഷ സമർപ്പിക്കരുതെന്നും നിർദേശമുണ്ട്.
സംശയാസ്പദമായ രീതിയിലുള്ള ഏതെങ്കിലും തരത്തിലുള്ള പരസ്യങ്ങളോ പ്രവർത്തനങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്ന് റോയല്‍ ഒമാൻ പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ഔദ്യോഗിക അറിയിപ്പുകള്‍ക്കും തൊഴില്‍ അപേക്ഷകള്‍ക്കും ഒമാൻ പൊലീസിന്റെയും തൊഴില്‍ മന്ത്രാലയത്തിന്റെയും ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കാൻ താമസക്കാർ ശ്രദ്ധിക്കണമെന്ന് ആർ.ഒ.പി അഭ്യർഥിച്ചു.
