റിയാദ് : ഗൾഫ് രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള ജിസിസി റെയിൽവേ പദ്ധതിയുടെ 50 ശതമാനം പൂർത്തിയായതായി റെയിൽവേ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് അൽ ഷബ്രാമി പറഞ്ഞു.
ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗ രാജ്യങ്ങൾക്കിടയിൽ ഉണ്ടാക്കിയ കരാർ പ്രകാരം 2030 ഡിസംബർ അവസാനത്തോടെ പദ്ധതി പൂർണ്ണമായും പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി പത്രമായ ഒകാസിന് നൽകിയ വീഡിയോ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
1,700 കിലോ മീറ്ററിലധികം ദൈർഘ്യമുള്ള റെയിൽവേ ശ്രിംഖലയിൽ പാസഞ്ചർ, ചരക്ക് തീവണ്ടികൾക്ക് വ്യത്യസ്ത വേഗത നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ പദ്ധതികളിൽ ഒന്നായിട്ടാണ് ജിസിസി റെയിൽവേ പദ്ധതിയെ അദ്ദേഹം വിശേഷിപ്പിച്ചത്. ജിസിസി രാജ്യങ്ങൾക്കിടയിൽ സാമ്പത്തിക ഏകീകരണം വർദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കാരുടെയും ചരക്ക് ഗതാഗത ശേഷിയുടെയും വർദ്ധനവിലൂടെ, ജിസിസി പൗരന്മാർക്കും താമസക്കാർക്കും ഇടയിൽ സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും പദ്ധതി നിർണായക പങ്കുവഹിക്കും.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം, വ്യവസായങ്ങളെ പ്രാദേശിക വൽക്കരിക്കുന്നതിനും റോഡ് ഗതാഗതം ഗണ്യമായി കുറയ്ക്കാനും പദ്ധതിയിലൂടെ കഴിയും.
റെയിൽ ഗതാഗതം വർധിപ്പിക്കുന്നതിലൂടെ ട്രക്കുകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ കഴിയുമെന്നതാണ് മറ്റൊരു സവിശേഷത.ഇതുകാരണം റോഡ് അറ്റകുറ്റപ്പണി ചെലവുകൾ വലിയ തോതിൽ കുറയും.
