മോഡലിങ് സെക്സ് റാക്കറ്റ് കേസ് ബിലാൽ മുഖ്യസൂത്രധാരനെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ.കൊച്ചിയിൽ മോഡലിങ്ങിന്റെ മറവിൽ നടന്ന സെക്സ് റാക്കറ്റ് കേസിൽ പിടിയിലായ ബിലാൽ ആണ് സംഭവത്തിന്റെ മുഖ്യസൂത്രധാരനെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു. നിരവധി യുവതികളെ ബിലാൽ വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നും ഓരോ ഇടപാടിൽ നിന്നും അൻപതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ഇയാൾക്ക് ലഭിച്ചിരുന്നെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ സിന്ധുവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഗുണ്ടാ നേതാവ് ഔറംഗസേബിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയതിനെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ദുബായിൽ വെച്ചാണ് ബിലാൽ സിന്ധുവുമായി പരിചയപ്പെടുന്നത്. തുടർന്ന് സെക്സ് റാക്കറ്റ് പ്രവർത്തനം സജീവമായതോടെ ഇയാൾ ജോലി ഉപേക്ഷിച്ച് കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട് നിരവധി യുവതികളെ ദുബായിലേക്ക് എത്തിക്കുകയും ഇതിലൂടെ വൻ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്തു.
ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കൊച്ചിയിലെ ഗുണ്ടാ നേതാവ് ഔറംഗസേബിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി.
