ബലിപെരുന്നാള്‍ പ്രമാണിച്ച് 382 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച്‌ ഒമാൻ ഭരണാധികാരി


മസ്‌കറ്റ്: ബലിപെരുന്നാളിനോട് അനുബന്ധിച്ച്‌ ഒമാനിലെ വിവിധ ജയിലുകളില്‍ കഴിയുന്ന നിരവധി തടവുകാർക്ക് സുല്‍ത്താൻ ഹൈതം ബിൻ താരിഖ് മാപ്പ് പ്രഖ്യാപിച്ചു.

വിവിധ കേസുകളില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ആകെ 382 തടവുകാരെയാണ് സുല്‍ത്താന്‍റെ പ്രത്യേക ഉത്തരവ് പ്രകാരം മോചിപ്പിക്കുന്നത്.

റോയല്‍ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്‍റെ പരമോന്നത സേനാധിപനായ സുല്‍ത്താൻ ഹൈതം ബിൻ താരിഖിന്റെ കരുണാപൂർണമായ തീരുമാനമാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി. 

ബലിപെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി തടവുകാരുടെയും അവരുടെ കുടുംബങ്ങളുടെയും സാഹചര്യങ്ങള്‍ പരിഗണിച്ചാണ് പ്രത്യേക മാപ്പ് അനുവദിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. സുല്‍ത്താന്‍റെ ഈ മാനുഷിക ഇടപെടല്‍ തടവുകാരുടെ കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസവും സന്തോഷവും പകരുമെന്നാണ് പ്രതീക്ഷ.

യുഎഇയിലും തടവുകാർക്ക് മോചനം

ബലിപെരുന്നാള്‍ പ്രമാണിച്ച്‌ യുഎഇയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ആയിരക്കണക്കിന് തടവുകാരെ അടിയന്തരമായി മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും. 

കാരുണ്യവും സാമൂഹിക ഐക്യവും വളർത്തുന്നതിന്റെയും തടവുകാർക്ക് ജീവിതത്തില്‍ രണ്ടാമതൊരു അവസരം നല്‍കുന്നതിന്റെയും ഭാഗമായാണ് ഈ വലിയ മാനുഷിക നടപടി.

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ രാജ്യത്തെ വിവിധ തിരുത്തല്‍- ശിക്ഷാ കേന്ദ്രങ്ങളില്‍ നിന്നായി 956 തടവുകാരെ മോചിപ്പിക്കാനാണ് ഉത്തരവിട്ടത്. വിവിധ കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവരാണ് ഇവർ. 

തടവുകാരുടെ മോചനത്തിന് പുറമെ, ശിക്ഷാകാലയളവില്‍ ഇവരുടെ മുഴുവൻ സാമ്പത്തിക ബാധ്യതകളും പിഴകളും അടച്ചുതീർക്കുമെന്നും യുഎഇ പ്രസിഡന്‍റ് പ്രഖ്യാപിച്ചു. കുടുംബബന്ധങ്ങള്‍ ദൃഢമാക്കാനും സമൂഹത്തില്‍ സമാധാനം പുനഃസ്ഥാപിക്കാനും ഈ നടപടി സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ബലിപെരുന്നാളിനോട് അനുബന്ധിച്ച്‌ ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം വിവിധ രാജ്യക്കാരായ 836 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു.

 റാസല്‍ഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖർ അല്‍ ഖാസിമി ജയിലില്‍ നല്ല പെരുമാറ്റം കാഴ്ചവെച്ച 443 തടവുകാർക്ക് മോചനം പ്രഖ്യാപിച്ചു. അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാഷിദ് അല്‍ നുഐമി 230 തടവുകാരെ മോചിപ്പിക്കാൻ നിർദ്ദേശം നല്‍കി.

ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താൻ ബിൻ മുഹമ്മദ് അല്‍ ഖാസിമി 227 തടവുകാർക്കാണ് പെരുന്നാള്‍ പ്രമാണിച്ച്‌ മോചനം അനുവദിച്ചത്. ഉമ്മുല്‍ഖുവൈൻ ഭരണാധികാരി ശൈഖ് സൗദ് ബിൻ റാഷിദ് അല്‍ മുഅല്ലയും ജയിലില്‍ നിന്ന് നിരവധി തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ