ഹുർമുസ് കടലിടുക്ക് അടച്ചിടുന്നത് ഗൾഫ് സമ്പദ്‌വ്യവസ്ഥയെ തകർക്കുന്നു; രൂക്ഷവിമർശനവുമായി ഖത്തർ പ്രധാനമന്ത്രി


 ദോഹ: ഹുർമുസ് കടലിടുക്ക് അടച്ചിടുന്നത് ഗൾഫ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുന്നുണ്ടെന്നും മേഖലയിലെ രാജ്യങ്ങൾ ഇതിന്റെ കടുത്ത പ്രത്യാഘാതങ്ങൾ അനുഭവിക്കുകയാണെന്നും ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി പറഞ്ഞു. പശ്ചിമേഷ്യൻ യുദ്ധത്തിൽ ഹുർമുസ് കടലിടുക്കിനെ ഒരു ആയുധമായി ഉപയോഗിക്കുന്നതിനെ അദ്ദേഹം ശക്തമായി കുറ്റപ്പെടുത്തി. ദോഹയിലെത്തിയ തുർക്കിയ വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനുമായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.

ഗൾഫ് രാജ്യങ്ങളെ സമ്മർദത്തിലാക്കാനും വിലപേശാനുമുള്ള മാർഗമായി ഈ ജലപാതയെ ഉപയോഗിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധം തുടങ്ങിയത് മുതൽ ഇറാൻ ഈ പാത തടഞ്ഞിരിക്കുകയാണെന്നും ഇത്തരം സമ്മർദ തന്ത്രങ്ങൾ ഒഴിവാക്കി പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യുദ്ധം അവസാനിപ്പിക്കാനായി ഔദ്യോഗിക ചർച്ചകൾക്ക് പുറമെ രഹസ്യ സ്വഭാവമുള്ള നയതന്ത്ര ചർച്ചകൾ തുടരണമെന്നും ഖത്തർ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

മേഖലയിലെ സമാധാന ശ്രമങ്ങളിൽ തുർക്കിയ ഖത്തറിന്റെ പ്രധാന പങ്കാളിയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇറാനുമേൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന യുദ്ധം അവസാനിപ്പിക്കാൻ പാകിസ്താൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ ഖത്തറും തുർക്കിയും പിന്തുണക്കുന്നതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

 

വളരെ പുതിയ വളരെ പഴയ