മാസങ്ങൾ നീണ്ട ഏറ്റുമുട്ടലുകൾക്കും അനിശ്ചിതത്വത്തിനും വിരാമമിട്ട് യു.എസും ഇറാനും തമ്മിലുള്ള സമാധാന കരാറിൽ ഇന്നുതന്നെ ഒപ്പുവെക്കുമെന്ന് ഡൊണാൾഡ് ട്രംപ് അറിയിച്ചു. വിർച്വലായാണ് ഇരുവിഭാഗവും കരാറിൽ ഒപ്പുവെക്കുക എന്നാണ് ട്രംപിന്റെ പ്രസ്താവന. എന്നാൽ ഇന്നു തന്നെ ഒപ്പിടുമെന്ന വാദം ഇറാൻ പൂർണ്ണമായി തള്ളി. കരാറിന്റെ ചട്ടക്കൂട് ഇതുവരെ തയാറായിട്ടില്ലെന്നും എന്നാൽ അധികം വൈകാതെ ധാരണയിലെത്താൻ കഴിഞ്ഞേക്കുമെന്നുമാണ് ഇറാൻ വ്യക്തമാക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രം വരും ദിവസങ്ങളിൽ ഒപ്പുവെച്ചേക്കാമെന്നും എന്നാൽ ചർച്ചകൾക്കായി ഉദ്യോഗസ്ഥർ ജനീവയിലേക്കോ ഇസ്ലാമാബാദിലേക്കോ ഉടൻ യാത്ര ചെയ്യാൻ പദ്ധതിയില്ലെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന പുറത്തുവന്നത്. ഇറാനോ യു.എസോ നിർദ്ദിഷ്ട കരാറിന്റെ പൂർണരൂപം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രധാന വ്യവസ്ഥകളെക്കുറിച്ച് ഇരുപക്ഷവും വ്യത്യസ്തമായ വ്യാഖ്യാനങ്ങളാണ് നൽകുന്നത്.
കരാർ നിലവിൽ വരുന്നതോടെ ഹുർമുസ് കടലിടുക്കിലൂടെയുള്ള എല്ലാ സമുദ്ര ഗതാഗതവും പുനരാരംഭിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. നിർദിഷ്ട കരാർ ഇറാന്റെ ആണവായുധ മോഹങ്ങളെ തടയുമെന്നും, മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണകാലത്ത് 2015 ൽ ഉണ്ടാക്കിയ ആണവ കരാറിൽ നിന്ന് ഇത് തികച്ചും വ്യത്യസ്തമാണെന്നുമാണ് ട്രംപിന്റെ അവകാശ വാദം.
അതേസമയം, യുഎസ് ഉപരോധത്തെത്തുടർന്ന് മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ ഫണ്ടുകൾ വിട്ടുനൽകുന്നത് അടക്കമുള്ള പ്രധാന കാര്യങ്ങളിൽ ഇപ്പോഴും ഇരുവിഭാഗവും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്.
