ഹോർമുസ് കടലിടുക്ക് വെള്ളിയാഴ്ചയോടെ പൂർണ്ണമായും തുറക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇറാനുമായി ഡിജിറ്റൽ മാർഗ്ഗത്തിലൂടെ ധാരണാപത്രത്തിൽ ഒപ്പിട്ടതായും ട്രംപ് വ്യക്തമാക്കി. വരും വെള്ളിയാഴ്ച ജനീവയിൽ വെച്ച് ഔദ്യോഗികമായി കരാർ ഒപ്പുവെച്ചതിന് ശേഷം മാത്രമേ ഇതിലെ വിശദമായ വ്യവസ്ഥകൾ പുറത്തുവിടുകയുള്ളൂ. എന്നാൽ ഔദ്യോഗിക കരാർ ആകുന്നത് വരെ ഇറാനിയൻ തുറമുഖങ്ങൾക്ക് മേലുള്ള നിയന്ത്രണങ്ങൾ തുടരുമെന്ന് അമേരിക്കൻ സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാൻ തങ്ങളുടെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ കൃത്യമായി പാലിക്കുകയാണെങ്കിൽ രാജ്യത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി 30,000 കോടി ഡോളർ ലഭ്യമാക്കുമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് അറിയിച്ചു. ഗൾഫ് അറബ് രാജ്യങ്ങളാണ് ഈ തുക സമാഹരിച്ച് നൽകുന്നത്. ഈ പുതിയ അമേരിക്ക-ഇറാൻ കരാറിന്റെ ഭാഗമായി ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ വീണ്ടും പരിശോധന നടത്താൻ അന്താരാഷ്ട്ര ഉദ്യോഗസ്ഥർക്ക് അനുമതി ലഭിക്കുമെന്നും ജെ ഡി വാൻസ് കൂട്ടിച്ചേർത്തു. അതേസമയം, ധാരണാപത്രത്തിലെ ഉള്ളടക്കത്തെ ഇറാൻ പാർലമെന്റിലെ ഭൂരിഭാഗം അംഗങ്ങളും പിന്തുണച്ചതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ അറിയിച്ചു. രാജ്യത്തിന്റെ ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുന്ന വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുത്താൻ പരമോന്നത നേതാവിന്റെ നിർദ്ദേശങ്ങൾ വലിയ രീതിയിൽ സഹായിച്ചതായും പെസഷ്കിയാൻ വ്യക്തമാക്കി.
എന്നാൽ ഈ നീക്കങ്ങൾക്കിടയിലും ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നത് തടയുമെന്നും ലെബനോണിൽ തങ്ങളുടെ സൈനിക നടപടികൾ തുടരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഇറാന്റെ ഭീകര പ്രവർത്തനങ്ങൾക്കെതിരെയുള്ള പോരാട്ടം ഗസ, ലെബനോൺ, സിറിയ, യെമൻ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിൽ തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. നിലവിൽ ലെബനോണിൽ ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലുള്ള ശക്തമായ പോരാട്ടം തുടരുകയാണ്.
